വെള്ളത്തിൽവച്ചൊരു മിന്നുകെട്ട്; വിഫ കൊടുങ്കാറ്റിൽ പള്ളിക്കുള്ളിലും വെള്ളം കയറി, പക്ഷേ, വിവാഹം മാറ്റിയില്ല, വീഡിയോ

By: 600007 On: Jul 24, 2025, 11:03 AM

 

 

കാലാവസ്ഥാ വ്യതിയാന മൂലം ലോകമെങ്ങും പ്രകൃതിക്ഷേഭങ്ങൾക്ക് ശക്തിപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകൾ വന്ന് തുടങ്ങിയിട്ട് കാലമേറെയായി. അടുത്തിടെ അതിതീവ്രമഴയും കൊടുങ്കാറ്റുകയും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും ശക്തിപ്പെടുകയാണെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. ഇതിനിടെ പ്രകൃതിക്ഷേഭത്തിനിടെയിലും വിവാഹം നടത്തിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഫിലീപ്പിയന്‍സില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. രാജ്യമെങ്ങും കനത്ത നാശം വിതച്ച് കടന്ന് പോയ വിഫ ചുഴലിക്കാറ്റിനിടെ പള്ളിയില്‍ നടന്ന ഒരു വിവാഹത്തിന്‍റെ വീഡിയോയായിരുന്നു അത്.

ഫിലിപ്പിയന്‍സിലെ ബുലാക്കൻ പ്രവിശ്യയിലെ മാലോലോസിലുള്ള ബരാസോയിൻ പള്ളിയിലായിരുന്നു വിവാഹം നടന്നത്. തുടർച്ചയായി പെയ്ത മഴയിൽ വിവാഹ വേദിയായി നിശ്ചയിച്ച പള്ളിയില്‍ വെള്ളം കയറി. കണങ്കാലിന് മുകളില്‍ വെള്ളം കയറിയെങ്കിലും വിവാഹം മാറ്റിവയ്ക്കാന്‍ വധുവോ വരനോ തയ്യാറായില്ല. തുടര്‍ന്ന് വെള്ളത്തില്‍ നിന്ന് കൊണ്ട് ഇരുവരും വിവാഹിതരായി. ഈ വിവാഹത്തിന്‍റെ വീഡിയോയയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ദുരന്തങ്ങൾക്കിടയിലും ഒരു സന്തോഷ വാര്‍ത്ത എന്നായിരുന്നു നിവരധി പേര്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

ജേഡ് റിക്ക് വെർഡില്ലോയും ജമൈക്കയുമായിരുന്നു ആ നവദമ്പതികൾ. നിർത്താതെ മഴ പെയ്യുന്നത് കാരണം വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് തങ്ങൾക്ക് അറിയാമെന്ന് ദമ്പതികൾ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‌‍ പള്ളിയില്‍ മുട്ടോളം വെള്ളം കയറിയത് കണ്ട് ഞെട്ടിപ്പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ വിവാഹങ്ങൾക്കും അതിന്‍റെതായ വെല്ലുവിളികൾ ഉണ്ടെന്നും അതിനാല്‍ വെള്ളം നിറഞ്ഞ പള്ളിയിൽ വച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ അതിഥികൾ മുട്ടോളം കയറ്റി വച്ച പാന്‍റുമായി വെള്ളത്തില്‍ നിൽക്കുന്നതും നവവരനും വധുവും വെള്ളത്തില്‍ നിന്ന് പരസ്പരം ചുംബിക്കുന്നതും കാണാം. പ്രകൃതി പ്രക്ഷോഭങ്ങൾക്ക് പ്രണയത്തെ തകര്‍ക്കാനാകില്ലെന്നായിരുന്നു നിരവധി പേര്‍ കുറിപ്പെഴുതിയത്.