കഴിഞ്ഞ ദശകത്തില്‍ കാനഡയില്‍ ഉണ്ടായ മുങ്ങിമരണങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചത് ബ്രിട്ടീഷ് കൊളംബിയയിലെ തടാകങ്ങളിലും നദികളിലുമാണെന്ന് കൊറോണേഴ്‌സ് സര്‍വീസ് റിപ്പോര്‍ട്ട്. 2014 ജനുവരി 1 നും 2024 ഡിസംബര്‍ 31 നും ഇടയിലുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിനായി ശേഖരിച്ചത്. അബദ്ധത്തില്‍ സംഭവിച്ച മുങ്ങിമരണങ്ങള്‍ ഏറെയും ബ്രിട്ടീഷ് കൊളംബിയയിലാണ്.
പത്ത് വര്‍ഷത്തെ കാലയളവില്‍, ബീസിയിലെ നദികളിലുണ്ടായ മുങ്ങിമരണങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചത് ഫ്രേസര്‍ നദിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 നും 2024 നും ഇടയില്‍ 53 പേരാണ് ഫ്രേസര്‍ നദിയില്‍ മുങ്ങിമരിച്ചത്. തോംസണ്‍ നദിയില്‍ 11 പേരും സിമില്‍ക്കമീന്‍ നദിയില്‍ എട്ട് പേരും മുങ്ങിമരിച്ചു. ഒകനാഗന്‍ ലേക്ക്(28), ഹാരിസണ്‍ ലേക്ക്(12), കലാമാല്‍ക്ക കൂട്ട്‌നി, ഒസോയൂസ് ലേക്ക്(6) എന്നിവയാണ് മുങ്ങിമരണങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിച്ച തടാകങ്ങളും കുളങ്ങളും. 2014 നും 2023 നും ഇടയില്‍ അപകടത്തില്‍പ്പെട്ടുണ്ടായ മുങ്ങിമരണങ്ങളില്‍ 40 ശതമാനവും മദ്യവും മയക്കുമരുന്നുപയോഗവും കാരണമായിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം, 2024 ല്‍ പ്രവിശ്യയില്‍ 98 മുങ്ങിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 ല്‍ 119 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024ല്‍ റിപ്പോര്‍ട്ട് ചെയ്ത മുങ്ങിമരണങ്ങളില്‍ 70 ശതമാനവും പുരുഷന്മാരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള സമ്മര്‍ സീസണിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍(53 ശതമാനം) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.