ബാലമനസ്സുകളിൽ ഉണർവും ആത്മവിശ്വാസവും നൽകി ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ടൈനി ടാലന്റ് ഫിയസ്റ്റ  2025

By: 600099 On: Jul 24, 2025, 8:09 AM

 

ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ  (PRMA) സംഘടിപ്പിച്ച ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ടൈനി ടാലന്റ് ഫിയസ്റ്റ  2025,  ജൂലൈ 20, 2025-ന് ബ്രിട്ടീഷ് കൊളംബിയയിലെ സറി നഗരത്തിൽ അരങ്ങേറി. ബാലമനസ്സുകളുടെ ചിറകുകളായ കല, ആത്മവിശ്വാസം, സാംസ്‌കാരിക ഉണർവ് എന്നിവയുടെ ആഘോഷമായി  ഈ പരിപാടി മാറി.

ചിത്രരചനാ മത്സരത്തിൽ 5 മുതൽ 15 വയസ്സുവരെ ഉള്ള കുട്ടികളെ മൂന്നു വിഭാഗങ്ങളായി വേർതിരിച്ചു. ഓരോ വിഭാഗത്തിലും കുട്ടികൾ അവരുടെ സൃഷ്ടിപരതയും കലാപാടവവും പ്രകടിപ്പിച്ചു: 5–7 വയസ് വരെയുള്ളവരുടെ വിഭാഗത്തിൽ  അനയാ കമാൽ ഒന്നാം സമ്മാനവും  വികുന്ത് മധൻ രണ്ടാം സമ്മാനവും കരസ്ഥമാക്കി. 8–11 വയസ്  വരെയുള്ളവരുടെ വിഭാഗത്തിൽ  നോവാ മാത്യു ഒന്നാം സമ്മാനവും ദിയ നിധിൻ മാത്യു രണ്ടാം സമ്മാനവും കരസ്ഥമാക്കി. 12–15 വയസ് വരെയുള്ളവരുടെ വിഭാഗത്തിൽ  സ്വാതി ജ്യോതിഷ് കാർത്ത ഒന്നാം സമ്മാനവും  സുസാൻ കമാൽ രണ്ടാം സമ്മാനവും കരസ്ഥമാക്കി.

 

 

മത്സരങ്ങൾക്ക് നേതൃത്വം നൽകിയത്  സൗത്ത്  സറിയിലെ പ്രശസ്ത ഇൻഡോ-കാനേഡിയൻ കലാകാരനും ആർക്കിടെക്റ്റും വിദ്യാഭ്യാസശാസ്ത്രജ്ഞനുമായ സൻജോയ് ദാസ് ആയിരുന്നു. യോഗതത്ത്വം ആധാരമാക്കിയ ചക്രചിന്തനകലയിൽ പ്രത്യേകതയുള്ള അദ്ദേഹം, നിരവധി വർക്ക്‌ഷോപ്പുകളും എക്‌സിബിഷനുകൾക്കും നേതൃത്വം നൽകിയിട്ടുള്ള  കലാകാരനാണ്.

സൃഷ്ടിചിന്തനത്തിന്റെ വേദിയായി  കഥാപാത്രാവതരണ മത്സരം. ആത്മവിശ്വാസമുള്ള പ്രകടനങ്ങൾ, ഓരോ കഥാപാത്രത്തിലൂടെയും പിറവിയെടുത്ത കഥകൾ, ഇവയൊക്കെ ചേർന്ന് കഥാപാത്രാവതരണ മത്സരയിനം ഒരു നിറമാർന്ന ഉത്സവമായി മാറി . 4–7 വയസ് വരെയുള്ളവരുടെ വിഭാഗത്തിൽ  കെലബ് മാത്യുവും,   8–12 വയസ് വരെയുള്ളവരുടെ വിഭാഗത്തിൽ  ജെനെസിസ് റോസ് നിക്കോളസ്സും  സമ്മാനങ്ങൾ കരസ്ഥമാക്കി.

ഈ മത്സരത്തിന്റെ ജഡ്ജ്  വെസ്റ്റ് കോസ്റ്റ് സീനിയേഴ്സ് ഹൗസിംഗ് മാനേജ്മെന്റിന്റെ റീജിയണൽ ഡയറക്ടറായ അജന്ത മാർക്കോസ് ആയിരുന്നു. മുൻ ഇന്ത്യൻ ആർമി ലെഫ്റ്റനന്റായിരുന്ന   അജന്ത മാർക്കോസ്, സാമൂഹ്യ  സേവനത്തിലും  കൂടാതെ, കുട്ടികളുടെയും  യുവാക്കളുടെയും വികസനങ്ങൾക്ക് വേണ്ടിയുള്ള  നിരവധി  പദ്ധതികൾക്കും  നേതൃത്വം നൽകിയ ഒരു വ്യക്തി കൂടിയാണ്. മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കു അജന്തയുടെ സാന്നിധ്യം മികച്ച പിന്തുണയാണ് നൽകിയത്. "ഒരു കഥാപാത്രമായി വേദിയിൽ എത്തുന്നത് വലിയ ധൈര്യമാണ് — ഈ കുട്ടികൾ ഇന്ന് നമ്മെ എല്ലാവരെയും പ്രചോദിപ്പിച്ചു." അജന്ത മാർക്കോസ് പറഞ്ഞു.

ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷൻ  (PRMA ) പ്രസിഡന്റായ മിസ് ഗീതു കുര്യൻ തൻ്റെ  സ്വാഗത പ്രസംഗത്തിൽ  ഇതിൽ പങ്കെടുത്ത കുട്ടികളെയും , രക്ഷിതാക്കളെയും, സന്നദ്ധ പ്രവർത്തകരെയും, വിധികർത്താക്കളെയും കൂടാതെ  പിന്തുണച്ച എല്ലാ വ്യക്തികളെയും പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

 

 

പങ്കാളിത്തം തന്നെയാണ് ടൈനി ടാലെന്റ്റ് ഫിസ്റ്റയുടെ വിജയമെന്ന് PRMA ഭാരവാഹികൾ അറിയിച്ചു. കുട്ടികളിൽ ആത്മവിശ്വാസം,  സാംസ്‌കാരിക അംശങ്ങൾ  എന്നിവ വളർത്താനും, സമൂഹബോധം രൂപപ്പെടുത്താനും ലക്ഷ്യമിട്ട പരിപാടി ആയിരുന്നു ഈ ടാലെന്റ്റ് ഫിയസ്റ്റ എന്നവർ പറഞ്ഞു. നമ്മുടെ നാളെയുടെ തലമുറയെ വളർത്താനും, അവരിലെ പ്രതിഭയെ പ്രോത്സാഹിപ്പിക്കുവാനുമുള്ള  പരിശ്രമം ഇനിയും തുടരുമെന്ന് ടൈനി ടാലെന്റ്റ് ഫിയസ്റ്റയുടെ ഭാരവാഹികൾ കൂട്ടിച്ചേർത്തു.