പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി ബഹമാസിലേക്ക് പോകുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി ഫെഡറല്‍ സര്‍ക്കാര്‍. ബഹമാസിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ അപകടസാധ്യത സൃഷ്ടിക്കുമെന്ന അപ്‌ഡേറ്റ് മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ യാത്രാ ഉപദേശം നല്‍കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് മുതല്‍ മെയ് വരെ ഇത് നീണ്ടുനില്‍ക്കുമെന്നാണ് സൂചന.
താപനില ഉയരുന്നതിനാല്‍ വരണ്ട കാലാവസ്ഥയ്ക്കും വരള്‍ച്ചയ്ക്കും കാരണമാകുമെന്നും ബഹമാസിലുടനീളം വന്‍ കാട്ടുതീയ്ക്ക് കാരണമാകുമെന്നും ഉപദേശത്തില്‍ പറയുന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ ഇത് രൂക്ഷമായേക്കാം. കാട്ടുതീ മുന്നറിയിപ്പ് കൂടാതെ മറ്റ് നിരവധി മുന്നറിയിപ്പുകളും നല്‍കുന്നുണ്ട്. ബഹമാസിന്റെ ട്രാവല്‍ പേജിലും സഞ്ചാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍, സ്ത്രീ സുരക്ഷയ്‌ക്കെതിരായ ആക്രമണങ്ങള്‍, ഭക്ഷണപാനീയങ്ങളില്‍ നിന്നുള്ള വിഷബാധ തുടങ്ങി നിരവധി കാര്യങ്ങളില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ബഹമാസില്‍ കൊലപാതക നിരക്ക് കൂടുതലാണ്. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ന്യൂ പ്രൊവിഡന്‍സിലും ഗ്രാന്‍ഡ് ബഹാമയിലുമാണെന്ന് കാനഡ വ്യക്തമാക്കുന്നു. നോണ്‍-ടൂറിസ്റ്റ് ഏരിയയായ ഡൗണ്‍ടൗണ്‍ നസ്സാവുവിലാണ് കൊലപാതകങ്ങള്‍ കൂടുതലായി നടക്കുന്നത്. സായുധ കവര്‍ച്ച, തട്ടിപ്പ്, ലൈംഗികാതിക്രമം, മോഷണം എന്നിവയും ബഹമാസില്‍ നടക്കുന്നു. കവര്‍ച്ചാ കേസുകളില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും കാനഡ പറഞ്ഞു. യാത്രക്കാര്‍ വിലകൂടിയ ആഭരണങ്ങളും, പണവും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും യാത്രാ വേളയില്‍ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും വെബ്‌സൈറ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു.