ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ട്: യുഎസ് പാസ്‌പോര്‍ട്ടിനെ പിന്തള്ളി പട്ടികയില്‍ ആദ്യ പത്തില്‍ തുടര്‍ന്ന് കനേഡിയന്‍ പാസ്‌പോര്‍ട്ട് 

By: 600002 On: Jul 23, 2025, 9:49 AM

 


ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ അമേരിക്കന്‍ പാസ്‌പോര്‍ട്ടിനെ പിന്തള്ളി ആദ്യ പത്ത് സ്ഥാനങ്ങളില്‍ തുടര്‍ന്ന് കനേഡിയന്‍ പാസ്‌പോര്‍ട്ട്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ(IATA) എക്‌സ്‌ക്ലുസീവ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ വര്‍ഷത്തെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക പ്രകാരം ശക്തമായ 10 പാസ്‌പോര്‍ട്ടുകളില്‍ ഒന്നാണ് കനേഡിയന്‍ പാസ്‌പോര്‍ട്ട്. ഒരു പാസ്‌പോര്‍ട്ട് ഉടമയ്ക്ക് വിസയില്ലാതെ എത്ര രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയാണ് പാസ്‌പോര്‍ട്ട് റാങ്കിംഗ് നിര്‍ണയിക്കുന്നത്. ഇതില്‍ 199 പാസ്‌പോര്‍ട്ടുകളും 227 ട്രാവല്‍ ഡെസ്റ്റിനേഷനുകളും ഉള്‍പ്പെടുന്നു. 

അമേരിക്കന്‍ പാസ്‌പോര്‍ട്ടിനെ പിന്തള്ളി മുന്നിലേക്കെത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തുണ്ടായിരുന്ന കനേഡിയന്‍ പാസ്‌പോര്‍ട്ട് ഈ വര്‍ഷം എട്ടാം സ്ഥാനത്തേക്ക് താഴ്ന്നു. നിലവില്‍ കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് 184 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം നല്‍കുന്നുണ്ട്. എസ്റ്റോണിയ, യുഎഇ എന്നീ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ക്കൊപ്പമാണ് കനേഡിയന്‍ പാസ്‌പോര്‍ട്ട് എട്ടാം സ്ഥാനം പങ്കിടുന്നത്. 

182 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര വാഗ്ദാനം ചെയ്യുന്ന യുഎസ് പാസ്‌പോര്‍ട്ട് പത്താം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് സ്ഥാനങ്ങള്‍ താഴേക്ക് അമേരിക്കന്‍ പാസ്‌പോര്‍ട്ട് പോയി. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2024 ല്‍ 195 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് നല്‍കുന്നു. ഈ വര്‍ഷം 193 രാജ്യങ്ങളിലേക്ക് വിസ രഹിത സന്ദര്‍ശനം അനുവദിച്ച് സിംഗപ്പൂര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 

ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ രണ്ടാം സ്ഥാനത്തും, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനത്താണ്.