ക്യാപിറ്റല്‍ ഗെയിന്‍ ടാക്‌സ് ഒഴിവാക്കാന്‍ ട്രംപിന്റെ ശ്രമം 

By: 600002 On: Jul 23, 2025, 7:42 AM

 

Dr. Mathew Joys

വീടുകളുടെ മൂലധന നേട്ട നികുതി (capital gain tax) നിര്‍ത്തലാക്കുന്നത് പരിഗണിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. നിലവിലുള്ള നിയമം അനുസരിച്ച്, പ്രാഥമിക വസതി വില്‍ക്കുന്ന വീട്ടുടമസ്ഥര്‍ക്ക് വ്യക്തിഗത നികുതി ഫയലര്‍മാര്‍ക്ക് 250,000 ഡോളര്‍ വരെയും ജോയിന്റ് ഫയലര്‍മാര്‍ക്ക് 500,000 ഡോളര്‍ വരെയും വീട് വില്‍പ്പനയിലെ  ലാഭം ആദായനികുതിയില്‍നിന്നും ഒഴിവാക്കാന്‍ അനുവദിക്കുന്നുണ്ട്.

ഈ മാസം ആദ്യം, പ്രാഥമിക വീടുകളുടെ വില്‍പ്പനയിലെ
ഫെഡറല്‍ മൂലധന നേട്ട നികുതി ഇല്ലാതാക്കുന്നതിനായി നിയമനിര്‍മ്മാണം നടത്താന്‍, റിപ്പബ്ലിക്കന്‍ പ്രതിനിധി  മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ ഒരു ബില്ല് അവതരിപ്പിച്ചിരുന്നു. അമേരിക്കയിലെ ഭവന വിപണി മെച്ചപ്പെടുത്തുന്നതിനായി വീടു വില്‍പ്പനയിലെ ലാഭ നികുതി നീക്കം ചെയ്യുന്നതിനെക്കുറിച്ച് ഭരണകൂടം ആലോചിക്കുന്നുണ്ടെന്ന്  ട്രംപ് പ്രസ്താവിച്ചു.

പലിശ നിരക്കുകള്‍ കുറച്ചുകൊണ്ട് ഫെഡറല്‍ റിസര്‍വ്, റിയല്‍ എസ്റ്റേറ്റ് വിപണിയെ ഉത്തേജിപ്പിക്കുമെന്നു പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. യുഎസ് ഗവണ്‍മെന്റ് വീടുകളുടെ വില്‍പ്പനയ്ക്ക് മൂലധന നേട്ട നികുതി ചുമത്തുന്നുണ്ട്. ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്കുള്ള നികുതി നിരക്കുകള്‍ ഇതുവരെ, ഒരു വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വച്ചിരിക്കുന്ന റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വരുമാനത്തെ ആശ്രയിച്ചു, പൂജ്യം ശതമാനം മുതല്‍ 20 ശതമാനം വരെ ഏറുന്ന സ്‌ളാബുകളിലായിരിക്കും. ഒരു വര്‍ഷത്തില്‍ താഴെ ഉടമസ്ഥതയിലുള്ള വീടുകളുടെ മൂലധന നേട്ടങ്ങള്‍ക്ക്, സാധാരണ വരുമാനത്തിന്റെ അതേ നിരക്കില്‍ നികുതി ചുമത്തുന്നു.

പതിറ്റാണ്ടുകളായി സ്വന്തം വീടുകളില്‍ താമസിക്കുന്ന വീട്ടുടമസ്ഥര്‍, പ്രത്യേകിച്ച് മൂല്യങ്ങള്‍ കുതിച്ചുയര്‍ന്ന സ്ഥലങ്ങളിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക്  പുതിയ നിയമം വന്നാല്‍ വന്‍ നേട്ടമായിരിക്കും. ജൂണിലെ Realtor.com പ്രതിമാസ ഭവന റിപ്പോര്‍ട്ട് അനുസരിച്ച്, തുടര്‍ച്ചയായി 20 മാസമായി വില്‍ക്കാനുള്ള വീടുകളുടെ എണ്ണം  വര്‍ദ്ധിച്ചിട്ടും, ഭവന വിതരണം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തേക്കാള്‍ ഏകദേശം 13 ശതമാനം താഴെയാണ്. ഭവന വിറ്റുവരവിലെ ഈ സ്തംഭനാവസ്ഥ മുഴുവന്‍ വിപണിയിലും അലയടിക്കുന്നുണ്ട്.

റെഡ്ഫിന്‍ ഡാറ്റ പ്രകാരം ജൂണില്‍, ഒരു വീടിന്റെ ശരാശരി വില്‍പ്പന വില 447,435 ഡോളര്‍ ആയിരുന്നു. 2025 മാര്‍ച്ചില്‍ യുഎസിലെ നിലവിലുള്ള ഭവന വില്‍പ്പന മുന്‍ മാസത്തേക്കാള്‍ 5.6% കുറഞ്ഞ നിരക്കിലെത്തി. മൂലധന നേട്ട നികുതി നിര്‍ത്തലാക്കുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല.

'മൂലധന നേട്ട നികുതി എങ്ങനെ ഒഴിവാക്കാം? എളുപ്പമാണ്, ഒന്നും വില്‍ക്കരുത്! അഥവാ, വില്‍ക്കുകയാണെങ്കില്‍, അത് നഷ്ടത്തിലാണെന്ന് ഉറപ്പാക്കുക'.