'നിങ്ങളുടെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കും'; റഷ്യയുമായുള്ള വ്യാപാര ഇടപാടിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രംപിന്‍റെ അനുയായി

By: 600007 On: Jul 22, 2025, 6:07 PM

 

 

ദില്ലി: റഷ്യയുമായുള്ള വ്യാപാര ഇടപാടുകളിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസിലീനും മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അടുത്ത അനുയായിയായ യുഎസ് സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാം. റഷ്യയുമായി വ്യാപാര ഇടപാട് തുടര്‍ന്നാൽ ഈ രാജ്യങ്ങളുടെ സാമ്പത്തിക രംഗം തകര്‍ക്കുമെന്നാണ് ലിന്‍ഡ്സ‍െയുടെ മുന്നറിയിപ്പ്.

റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കിൽ ഈ രാജ്യങ്ങള്‍ക്കും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുമെന്നും ലിന്‍ഡ്സെ ഗ്രഹാം പറഞ്ഞു. ഇന്ധനവുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് അമേരിക്ക 100ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണെന്നും ലിന്‍ഡ്സെ അവകാശപ്പെട്ടു. റഷ്യയുടെ 80ശതമാനം ക്രൂഡ് ഓയിൽ കയറ്റുമതിയും ഈ മൂന്നു രാജ്യങ്ങളിലേക്കുമാണെന്നും ഈ ഇടപാടുകള്‍ പുടിന് യുക്രെയ്നുമായുള്ള യുദ്ധത്തിനുള്ള സാമ്പത്തികശേഷി ഉറപ്പാക്കുകയാണെന്നും ലിന്‍ഡ്സെ കുറ്റപ്പെടുത്തി.

റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നവര്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്താനാണ് ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം. റഷ്യയിൽ നിന്ന് ഇന്ത്യയും ചൈനയും ബ്രസീലും റഷ്യയിൽ നിന്ന് വിലകുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങി യുക്രെയ്നുമായുള്ള യുദ്ധം മുന്നോട്ടുകൊണ്ടുപോയാൽ നിങ്ങളുടെ സമ്പത്ത് വ്യവസ്ഥ തകര്‍ക്കുമെന്നും ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ലിന്‍ഡ്സെ വ്യക്തമാക്കി.

റഷ്യയുടെ സമ്പത്ത് വ്യവസ്ഥ തകരുമെന്നും യുക്രെയ്ന് അമേരിക്ക ആയുധങ്ങള്‍ നൽകികൊണ്ടിരിക്കുകയാണെന്നും പുടിനെതിരെ തിരിച്ചടിക്കുന്നതിന് ഇത് സഹായിക്കുമെന്നും ലിന്‍ഡ്സെ പറഞ്ഞു. തന്‍റേതല്ലാത്ത രാജ്യങ്ങളെ പിടിച്ചടക്കാനാണ് പുടിന്‍റെ നീക്കമെന്നും ലിന്‍ഡ്സെ കുറ്റപ്പെടുത്തി.

അതേസമയം, ജനങ്ങളുടെ താത്പര്യം മുൻനിര്‍ത്തി മാത്രമെ ഇന്ത്യ തീരുമാനമെടുക്കുകയുള്ളുവെന്നാണ് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാൽ വ്യക്തമാക്കിയത്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇന്ധനം ലബ്യമാക്കുകയെന്നതാണ് പ്രഥമ പരിഗണനയെന്നും വിപണിയിലെ സാഹചര്യമനുസരിച്ചും ആഗോള സാഹചര്യം പരിഗണിച്ചുമാണ് തീരുമാനമെടുക്കുകയെന്നും ജയ്സ്വാൽ വ്യക്തമാക്കി. അതേസമയം, നികുതി നിരക്കുമായി ബന്ധപ്പെട്ട് അമേരിക്കയുടെ മറുപടിക്കായി കാത്തിരിക്കുകയാണ് ഇന്ത്യ. ഇതിനിടെയാണ് ലിന്‍ഡ്സെ ഗ്രഹാമിന്‍റെ മുന്നറിയിപ്പ് വരുന്നത്.

2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നെ ആക്രമിച്ചതിനെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഒഴിവാക്കിയപ്പോൾ, റഷ്യ മറ്റുള്ള ഉപഭോക്തൃ രാജ്യങ്ങളെ ആകർഷിക്കാൻ വലിയ ഇളവുകൾ വാഗ്ദാനം ചെയ്യാൻ തുടങ്ങിയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് ഇന്ത്യൻ റിഫൈനറികൾ റഷ്യയെ ഇന്ത്യയുടെ ഏറ്റവും വലിയ അസംസ്കൃത എണ്ണ സ്രോതസ്സായി മാറ്റിയിരിക്കുന്നത്. നേരത്തെ ഇന്ത്യ നാമാത്ര ഇറക്കുമതി മാത്രം നടത്തിയിരുന്നതിടത്ത്, ഇന്ന് ഇറക്കുമതിയുടെ 40 ശതമാനം വരെ റഷ്യൽ നിന്നാണ്.