അമേരിക്ക വിട്ട് യുകെയിലേക്ക് താമസം മാറാൻ കാരണം ഡോണൾഡ് ട്രംപാണെന്ന് കൊമേഡിയനും ടെലിവിഷൻ അവതാരകയുമായ എല്ലെൻ ഡിജെനെറസ്

By: 600110 On: Jul 22, 2025, 11:54 AM

 

അമേരിക്ക വിട്ട് യുകെയിലേക്ക് താമസം മാറാൻ കാരണം ഡോണൾഡ് ട്രംപാണെന്ന് കൊമേഡിയനും ടെലിവിഷൻ അവതാരകയുമായ എല്ലെൻ ഡിജെനെറസ്.  കഴിഞ്ഞ വർഷം യുഎസിൽ നിന്ന് പോയതിനുശേഷം ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ട്രംപ് കാരണമാണ് യുകെയിലേക്ക് മാറിയതെന്ന റിപ്പോർട്ടുകൾ ശരിയാണോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ "അതെ" എന്ന മറുപടിയാണ് അവർ  നൽകിയത് .

യുകെയിലെ ജീവിതം കൂടുതൽ മികച്ചതാണെന്നാണ് എല്ലെൻ ഡിജെനെറസ്, ബ്രോഡ്കാസ്റ്റർ റിച്ചാർഡ് ബേക്കണിനോട് പറഞ്ഞത്. യുകെയിലെ തൻ്റെ പുതിയ ജീവിതത്തിൽ അവർ സംതൃപ്തി പ്രകടിപ്പിച്ചു. ഇവിടത്തെ ഗ്രാമങ്ങളും പട്ടണങ്ങളും വാസ്തുവിദ്യയും ഉൾപ്പടെ കാണുന്നതെല്ലാം ആകർഷകമാണ്. ലളിതമായൊരു ജീവിതരീതിയാണ് ഇവിടത്തേതെന്നും അവർ പറഞ്ഞു. യുഎസിലെ LGBTQ+ അവകാശങ്ങളെക്കുറിച്ചുള്ള തൻ്റെ ആശങ്കകളെക്കുറിച്ചും അവർ സംസാരിച്ചു, യു.കെയിൽ  താനും പങ്കാളി പോർഷ്യ  ഡി റോസിയും വീണ്ടും വിവാഹം കഴിക്കുമെന്നും അവർ സൂചിപ്പിച്ചു. 

തൻ്റെ മുൻ ടോക്ക് ഷോയായ ദി എല്ലെൻ ഡിജെനെറസ് ഷോയിലെ മുൻ ജീവനക്കാർ നടത്തിയ ഗുരുതരമായ  ആരോപണങ്ങളെക്കുറിച്ചും എല്ലെൻ ഡിജെനെറസ് സംസാരിച്ചു. കാര്യങ്ങൾ വളരെ തുറന്നു പറയുന്ന ആളാണെന്നായിരുന്നു ഇതേക്കുറിച്ച്  എല്ലെൻ്റെ മറുപടി. പഴയ ഷോ "ഒരുപാട്" മിസ്സ് ചെയ്യുന്നുണ്ടെന്ന് അവർ പറഞ്ഞു. അസുഖകരമായാണ് മുൻ ഷോ അവസാനിപ്പിക്കേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർത്തു.