ജോയ്സ് വര്‍ഗീസ്, കാനഡ
റെയില്‍വേ പുറമ്പോക്കിലെ തകരവും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് മേഞ്ഞ കുടിലിനുമുമ്പില്‍ കണ്ണനെ ഒക്കത്തെടുത്തു നില്‍ക്കുകയായിരുന്നു മുത്തുലക്ഷ്മി. ഇരമ്പിയാര്‍ത്തു വരുന്ന തീവണ്ടിക്കുനേരെ കുഞ്ഞികൈകള്‍ ഉയര്‍ത്തി വീശി അവന്‍ കുതിച്ചുചാടി. മുത്തു അല്‍പ്പം മുന്നോട്ടാഞ്ഞു. അവളുടെ വിലകുറഞ്ഞ, നിറം മങ്ങിയ പോളിസ്റ്റര്‍ സാരി കാറ്റിന്റെ ആയത്തില്‍ പറന്നു.
അന്തിമേഘങ്ങള്‍ മെല്ലെ ചുവപ്പണിയുന്നതും കിളികള്‍ കൂടണയാന്‍ ധൃതിയില്‍ പറന്നു പോകുന്നതും അവള്‍ നോക്കിനിന്നു. ഇന്നലെ സന്ധ്യക്കു ഇത്ര തുടുപ്പുണ്ടായിരുന്നില്ലല്ലോ. കാര്‍മേഘങ്ങളുടെ മൂടല്‍ വെളിച്ചം കെടുത്തിയ സന്ധ്യയായിരുന്നല്ലോ, അതെന്ന് അവളോര്‍ത്തു.
പ്രപഞ്ചവും അസ്ഥിരമായ അവസ്ഥകളിലൂടെ സഞ്ചരിച്ചുക്കൊണ്ടിരുന്നു. അസ്ഥിരമെങ്കിലും പ്രപഞ്ചത്തിലെ ഒരു ബിന്ദുവാകാനുള്ള വ്യഗ്രതയില്‍ മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ അതില്‍ അള്ളിപ്പിടിക്കുന്നു.
സെന്തിലണ്ണനും, പൊണ്ടാട്ടിയും ഉന്തുവണ്ടി തള്ളി, വഴിനീളെ വഴക്കടിച്ചു വരുന്നുണ്ട്. ആക്രിസാധനങ്ങള്‍ പെറുക്കി വിറ്റു ജീവിക്കാന്‍ വഴിതേടുന്നവര്‍. ആ ഉന്തുവണ്ടിയോട് അവള്‍ക്കു ഒരാത്മബന്ധമാണ്. അപ്പ രാമണ്ണന്റെ വണ്ടി. അവളുടെ അപ്പക്കും ഇതായിരുന്നു തൊഴില്‍. ദിവസവും പുതിയ സ്ഥലങ്ങള്‍, കാഴ്ചകള്‍. എന്തൊരു രസമായിരുന്നു! ആ കാലം അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
കേരളാവില്‍ പണിനോക്കി വന്നതാണ്, മുത്തുവിന്റെ കുടുംബം. അമ്മക്കു എന്തോ വലിയ ദീനമായിരുന്നു എന്ന് മുത്തു ഓര്‍ക്കുന്നു. ക്യാന്‍സര്‍ കാര്‍ന്നുതിന്ന അമ്മയെ നഗരത്തിലെവിടെയോ കൊണ്ട് കത്തിച്ചെന്നും അവള്‍ക്കറിയാം. പിന്നീട് അവളും അപ്പയും മാത്രമായിമായിരുന്നു. നാടുച്ചുറ്റിത്തിരിഞ്ഞു വരുമ്പോള്‍ ഏതെങ്കിലും തട്ടുകടയില്‍ നിന്നും അപ്പ, അവള്‍ക്കിഷ്ടമുള്ളപൊറോട്ടയും കറിയും വാങ്ങികൊടുക്കുമായിരുന്നു.
രാത്രി വളരെ വൈകുവോളം ചാരായത്തിന്റെ ലഹരിയില്‍, പഴയ തമിഴുപാട്ടുകള്‍ ഈണത്തില്‍ പാടുന്ന അപ്പ. അപ്പയുടെ കുപ്പിയില്‍നിന്നും, ഒരിറക്ക് മുത്തുവിനും കൊടുക്കും, ഇളം നെഞ്ച് എരിച്ചു കടന്നുപോയിരുന്ന സാരായം, മുത്തുവിനും ഇഷ്ടമായിരുന്നു.
അപ്പയ്‌ക്കൊപ്പം ഉറക്കെ പാട്ടു പാടുന്ന മുത്തുലക്ഷ്മിയെ പാട്ടു പഠിപ്പിക്കണമെന്ന് പുറമ്പോക്ക് കോളനിയിലെ പലരും പറഞ്ഞപ്പോള്‍ ആദ്യം മടിച്ചെങ്കിലും അപ്പ അവളെ പാട്ടു പഠിക്കാന്‍ വിട്ടു. തെളിഞ്ഞ സ്വരത്തില്‍ പാടുന്ന പെണ്‍കുട്ടിയെ ഗുരു വരദലക്ഷ്മിക്കു നന്നെ ബോധിച്ചു. അഭിരുചിയുള്ള ശിഷ്യ എത്ര അനായാസമായി രാഗങ്ങള്‍ ആലപിക്കുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു.
നേരം വെളുത്താല്‍ അപ്പയും മകളും കൈവണ്ടിയുമായി പണിക്കിറങ്ങും, വെയില്‍ മൂക്കുമ്പോള്‍ വണ്ടിയൊതുക്കി തണല്‍ത്തേടും. യാത്രകളില്‍ കാണുന്ന ഭംഗിയുള്ള ചായം പൂശിയ വീടുകള്‍ അവള്‍ തന്റേതെന്നു സങ്കല്‍പ്പിക്കും. ഈ നിറം മതി ഭാവിയിലെ നമ്മുടെ വീടിന് എന്ന് തീരുമാനിച്ചുറപ്പിച്ചു ഉന്തുവണ്ടിയുമായി ഉരുണ്ടുനീങ്ങും.
കടകളിലെ ചില്ലുകണ്ണാടിയിലൂടെ, വിടര്‍ത്തിയിട്ട നിറപ്പകിട്ടുള്ള തുണിത്തരങ്ങളില്‍ കണ്ണുടുക്കി നില്‍ക്കും ഒന്നെങ്കിലും ദീപാവലിക്കു സ്വന്തമാക്കണമെന്നവള്‍ മോഹിക്കും. ഇലപച്ചയും റോസാപ്പൂക്കളുടെ ചുവപ്പും നിറമുള്ള പാവാടകള്‍ക്കു ചേരുന്ന നിറമുള്ള കുപ്പിവളകള്‍ മുത്തുവിന്റെ മനസ്സില്‍ കിലുങ്ങിക്കൊണ്ടിരിക്കും. കയ്യില്‍ കുറച്ചു കാശുകിട്ടുമ്പോള്‍ വാങ്ങിത്തരാമെന്ന അപ്പയുടെ സ്‌നേഹത്തിന്റെ ഭാഷ അവളെ കൂടുതല്‍ മോഹിപ്പിക്കും. ഓളംത്തല്ലി ഒഴുകിവരുന്ന ഓര്‍മ്മകളില്‍ അവള്‍ കുറച്ചുനേരം ഭാരമില്ലാതെ ഒഴുകിനടന്നു.
തുടരെ തുടരെയുള്ള ചോരഛര്‍ദ്ദിക്കലാണ് അപ്പയെ ഡോക്ടറുടെ അടുത്തേക്ക് എത്തിച്ചത്. മുത്തുവിന് ആ ഗവണ്മെന്റ് ആശുപത്രിയിലെ തിക്കും തിരക്കും കണ്ട് വല്ലാതെ പേടി തോന്നി. നനഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെ അവള്‍ അപ്പയുടെ അരികില്‍ ഊഴം കാത്തിരുന്നു. വ്യഥകളുടെ ഒരു കൂടു അവള്‍ക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരുന്നു.
'കുടി നിര്‍ത്താതെ ഒരു രക്ഷയുമില്ല' എന്ന് അപ്പയോളം പ്രായമുള്ള ഡോക്ടര്‍ പറഞ്ഞപ്പോള്‍, അപ്പ വെറുതെ ചിരിച്ചു. വായുവും വെള്ളവും പോലെയായിരുന്നു അപ്പക്ക് സാരായം, അതില്ലാതെ അയാള്‍ക്ക് ജീവിക്കാനാവില്ല എന്നയാള്‍ക്ക് അറിയാമായിരുന്നു.
'അപ്പയുടെ ഒടമ്പ് ശര്യല്ല', തമിഴും മലയാളവും കലര്‍ത്തി അവള്‍ പറഞ്ഞു. എണ്ണ കിനിയുന്ന മുടി മടക്കിക്കെട്ടി, തല നിറയെ പൂ ചൂടി ഓടി വരുന്ന പെണ്‍കുട്ടിയുടെ വലിയ കണ്ണുകളില്‍ നിരാശ മുഴച്ചു നിന്നു. അവളുടെ സംഗീതപഠനം നിന്നു പോകുകയാണെന്ന് ഗുരു വരദലക്ഷ്മിക്കും തോന്നിയിരുന്നു.
'പ്രത്യാശയില്ലാത്ത അവസ്ഥയിലെ സ്വസ്ഥത ', ഈ പെണ്‍കുട്ടിയെ വന്നു മൂടുന്നുവെന്ന് തോന്നിയതിനാല്‍ ഇനിയൊരു അവസരത്തിനെ കുറിച്ച് ആരായാതെ തന്നെ അവളെ അനുഗ്രഹിച്ചയച്ചു.
തുച്ഛമായ മനുഷ്യരുടെ നഷ്ടങ്ങളുടെ കണക്കെടുപ്പും എത്രയോ നിസ്സാരമാണ്.
പാവാടയില്‍ നിന്നും ഹാഫ് സാരിയിലേക്കു പൊതിഞ്ഞ തേന്‍ നിറമുള്ള ഉടലില്‍ പലരും നോട്ടമിടുന്നുണ്ടെന്നു അവളെക്കാള്‍ മുന്‍പ് അവളുടെ അപ്പ തിരിച്ചറിഞ്ഞു.
വെല്ലചായ ഗ്ലാസില്‍ പകര്‍ന്നു മുരുകന്റെ കയ്യില്‍ കൊടുക്കുമ്പോള്‍, മുത്തു അറിഞ്ഞു, തന്നെ ആ കൈകളില്‍ ഏല്‍പ്പിക്കാന്‍ അപ്പ തീരുമാനിച്ചുവെന്ന്. നഗരത്തിന്റെ തിരക്കിലും പൊടിയിലും ചുമടു തലയിലേറ്റി അതിവേഗം പണിയെടുക്കുന്ന മുരുകനെ മുത്തുവും കണ്ടിട്ടുണ്ടായിരുന്നു. പണി കഴിഞ്ഞ് തോര്‍ത്ത് വിരിച്ച് കൂട്ടുകാരോടൊപ്പം തണല്‍ മരത്തിനു കീഴെയിരിക്കുന്ന മുരുകന്‍ പലപ്പോഴും കുറുകിയ കണ്ണുകള്‍ ഒന്നുകൂടി ചുരുക്കി, അവളെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചിരുന്നു. അയാളുടെ പ്രണയത്തിന്റെ തുടര്‍ച്ചയായിരുന്നോ അതോ യൗവനത്തിന്റെ വികാരത്തള്ളലാണോ ഓരോ രാത്രിയിലും അവള്‍ക്കുമേല്‍ ജയിച്ചുകൊണ്ടിരുന്നത് എന്നറിയാതെ അവള്‍ ഉഴറി.
കപ്പലണ്ടി കച്ചവടം കഴിഞ്ഞു വരുന്ന സാമിയെ കണ്ടപ്പോള്‍ കണ്ണന്‍ ആര്‍ത്തുചിരിച്ചു. സാമി നരച്ച മീശരോമങ്ങള്‍ വിറപ്പിച്ചുക്കാട്ടി കണ്ണനെ ചിരിപ്പിച്ചു. ബാക്കി വന്ന കപ്പലണ്ടിയില്‍ ഒരു പിടി വാരി അവന്റെ കയ്യില്‍ വെച്ചു കൊടുത്തു. മുത്തുലക്ഷ്മി വില്‍ക്കാന്‍ ഏല്‍പ്പിച്ച മാങ്കാ ഊറുകായും കൊണ്ടാട്ടവും വിറ്റു തീര്‍ന്നെന്നു പറഞ്ഞ് കുപ്പായക്കീശയില്‍ നിന്ന് കുറച്ചു രൂപയെടുത്തു കൊടുത്തു. ഉപ്പില്‍ ഉണങ്ങിയ മാങ്ങ കഷ്ണങ്ങള്‍ മുളകിലും കായത്തിലും പൊതിഞ്ഞ് കൊതി പിടിക്കുന്ന മണം പരത്തുന്ന അച്ചാറിന്റെ മണം തന്നെയായിരുന്നു ആ നോട്ടുകള്‍ക്കും. തൈരില്‍ മുങ്ങിയുണങ്ങിയ കൊണ്ടാട്ടത്തിനും ആവശ്യകാരുണ്ടെന്ന് സാമി പറഞ്ഞപ്പോള്‍ അവളുടെ മനം കുതിച്ചുച്ചാടി. താന്‍ വെയിലില്‍ പൊരിയുന്നുണ്ടെങ്കിലും സ്വന്തമായി കുറച്ചെങ്കിലും സമ്പാദിക്കുന്നതില്‍ അവള്‍ക്കഭിമാനം തോന്നി. എത്രയും നിസ്സാരമായ സന്തോഷങ്ങള്‍ പോലും മനുഷ്യമനസ്സിനെ തേച്ചു മിനുക്കികൊണ്ടിരിക്കും.
മുത്തു, അടുപ്പത്തു പച്ചരിച്ചോറും, ഉണക്കമീനും വേവിക്കാന്‍ തുടങ്ങി. മീനിന്റെ മണം ഉയരുന്നതോടൊപ്പം പലചരക്കുകടയിലെ പറ്റും കടയുടമയുടെ മുഖത്തെ അനിഷ്ടവും കഞ്ഞിയിലെ വഴുവഴുപ്പുള്ള പാട പോലെ പൊന്തിക്കിടന്നു.
'ചരക്കാണല്ലോ, നീ ഒന്നു മനസ്സു വെച്ചാല്‍ കടം വീട്ടേണ്ട...', അയാളുടെ കണ്ണുകള്‍ അവളുടെ മാറിലേക്ക് ആര്‍ത്തിയോടെ പറന്നെത്തുന്നുണ്ടായിരുന്നു.
'ത്ഫൂ...,അവള്‍ ആഞ്ഞുതുപ്പി.'മുരുകന്റെ കൈയിന്റെ ചൂടറിയ്വോ നെനക്ക്?', അവളുടെ കണ്ണുകളിലെ അഗ്‌നി നേരിടാനാകാതെ,
മുഖം തിരിച്ചു. അയാള്‍ തിരിച്ചു പറഞ്ഞത് കേള്‍ക്കാന്‍ നില്‍ക്കാതെ അവള്‍ നടന്നു. വേഗം തന്നെ കടയിലെ പറ്റുതീര്‍ക്കണം അവള്‍ കരുതി. സഞ്ചിയിലെ പച്ചരിയില്‍ പുഴുക്കള്‍ നുളച്ചു.
തീവണ്ടിയുടെ കൂകിപാച്ചല്‍, അടുപ്പത്തെ ചളുങ്ങിയ അലുമിനിയം പാത്രത്തിന്റെ മൂടിയെ പ്രകമ്പനം കൊള്ളിച്ചു അകന്നുപോയി. മൂടിത്തട്ടിന്റെ ചെറിയ കിലുക്കം കുറച്ചു നേരം കൂടി നീണ്ടു, പതിയെ വായുവില്‍ ലയിച്ചു.
ഏറെ വൈകിയാണ് പണി കഴിഞ്ഞു മുരുകന്‍ വന്നത്. കണ്ണുകള്‍ പതിവിലും ചുവന്നിരുന്നു. അയാള്‍ ചെറിയ മിഠായി പൊതി ചിരിച്ചുകൊണ്ട് ഓടിയടുത്ത കണ്ണന് നീട്ടി, അവന്‍ അലിഞ്ഞു തുടങ്ങിയ മധുരം നുണഞ്ഞു. കറുത്ത തോര്‍ത്തില്‍ പൊതിഞ്ഞു കൊണ്ടുവന്ന ചാരായകുപ്പി തുറന്നു അയാള്‍ അണ്ണാക്കില്‍ കമിഴ്ത്തി. കുപ്പിയില്‍ കാല്‍ ഭാഗം ബാക്കിയാക്കി, അതയാള്‍ മുത്തുവിന്റെ അടുത്തേക്ക് നീക്കി വെച്ചു. അതവളുടെ നാക്കും, തൊണ്ടയും, നെഞ്ചും എരിച്ചു, അവളെ ഒന്നുകൂടി അപ്പയുടെ ചിന്നക്കിളിയാക്കി.
മടിക്കുത്തില്‍ നിന്നും കുറച്ചു ചുരുട്ടിയ നോട്ടുകള്‍ എടുത്തു, മുരുകന്‍ അവളുടെ കൈയില്‍ കൊടുത്തു. ചുളിവുകള്‍ നിവര്‍ത്തി എണ്ണുമ്പോള്‍, വീണ്ടും കടക്കാരന്റെ വൃത്തികെട്ട നോട്ടം അവളോര്‍ത്തു.
'പകുതി കാശ് കുടിച്ചുതീര്‍ത്തല്ലെ?' അവള്‍ കയര്‍ത്തു.
അയാള്‍ ഉത്തരം പറയാതെ ചുണ്ടില്‍ പുകയുന്ന കഞ്ചാവുബീഡി വെച്ചു ആഞ്ഞുവലിച്ചു, ബീഡികുറ്റി നീട്ടി മുരുകന്‍ അവളോട് ആഗ്യം കാട്ടി.
'ങും, ങും.. പ്രമാദം ', അയാളുടെ കണ്ണുകള്‍ കൂടുതല്‍ ചുവന്നു.
'ഇത് വേണ്ട അണ്ണാ.. ഇത് കഞ്ചാവ്, അണ്ണന് ഭ്രാന്താക്കും', അവള്‍ അതു മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. മുരുകന്‍ ചാടിയെഴുന്നേറ്റു അവളെ പുറംക്കാലുക്കൊണ്ട് തൊഴിച്ചക്കറ്റി. വേദനകൊണ്ട് പുളഞ്ഞവള്‍ തറയില്‍ ഇരുന്നുപ്പോയി. അവള്‍ മുരുകനെ ഉച്ചത്തില്‍ തെറി വിളിച്ചു. തീവണ്ടിയുടെ അലര്‍ച്ച ആ തെറിവിളകള്‍ വിഴുങ്ങി. അയാള്‍ കൈമുട്ടുകൊണ്ട് അവളുടെ പുറത്തു ആഞ്ഞിടിച്ചു. പിടഞ്ഞെണീറ്റ് അവള്‍ സര്‍വ്വശക്തിയുമെടുത്തു അയാളെ പുറകിലേക്ക് തള്ളി. ഒരലര്‍ച്ചയോടെ അയാള്‍ മലര്‍ന്നു വീണു.
'അപ്പ, എനക്ക് മുടിയലൈ !', അവള്‍ തലയില്‍ തല്ലി കരഞ്ഞു. മരത്തൂണില്‍ കെട്ടിവെച്ചിരുന്ന അപ്പയുടെ പടം കുറച്ചു നേരം വിറച്ചിരുന്നോ എന്നവള്‍ക്കു തോന്നി. കണ്ണന്‍ മിഠായി നുണഞ്ഞു ഒറ്റമുറിയുടെ മൂലയില്‍ പകച്ചു നിന്നു. പച്ചരിച്ചോറു പാത്രം തറയില്‍ വീണു, ചോറ് മുക്കാലും ചിതറിത്തെറിച്ചു. പാത്രം തറയില്‍ വശം കുത്തി നിന്നു.
അയാള്‍ വെറും തറയില്‍ കാലുകള്‍ അകത്തി, കൈകള്‍ വിരിച്ച് മലര്‍ന്നുക്കിടന്നു മയങ്ങി. 'കടവുളെ... മംഗലം കെട്ടുപ്പോയി ', അവള്‍ വിങ്ങിക്കരഞ്ഞു. ഇങ്ങനെ ഇടിയും തൊഴിയും കൊള്ളാനാണോ അപ്പ എന്നെ ഇയാളുടെ കയ്യില്‍ ഏല്‍പ്പിച്ചത്? അവള്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു.
ഇപ്പോള്‍ മുരുകണ്ണന് ഞാന്‍ ഇവിടെ നിന്നും പുറത്തു പോകുന്നത് പോലും ഇഷ്ടമല്ല. വേണ്ടത് ഞാന്‍ കൊണ്ടുവരുന്നുണ്ടല്ലോ എന്നാണ് അയാളുടെ ന്യായം. അതൊന്നിനും തികയുന്നില്ലെന്നുള്ളത് അയാള്‍ക്ക് അറിയേണ്ട കാര്യമില്ല. കൈയില്‍ ചുരുട്ടിപിടിച്ച നോട്ടുകള്‍ മുത്തു, പായ ചുരുളിന്നുള്ളില്‍ തിരുകിവെച്ചു. കൂട്ടിമുട്ടാത്ത വരവുചിലവു കണക്കുകള്‍ സമാന്തരങ്ങള്‍ തീര്‍ത്തു. ഒറ്റമുറിവീട് ചോര്‍ന്നൊലിക്കുന്നതും വെള്ളികൊലുസ്സ് പൊട്ടിപ്പോയതും കടയില്‍ കടം പെരുകിയതുമെല്ലാം അനുവാദം ചോദിക്കാതെ ഇടയ്ക്കിടെ അവളുടെ തലയില്‍ മിന്നി, ചുരമാന്തി.
ചോറും നനവും കുഴഞ്ഞ നിലം തൂത്തു വൃത്തിയാക്കുമ്പോള്‍ അടുത്ത തീവണ്ടിയും കടന്നുപോയിട്ടുണ്ടായിരുന്നു. മയക്കം വിട്ടുണര്‍ന്ന മുരുകന് കവടി പാത്രത്തില്‍ പച്ചരിച്ചോറും മീനും വിളമ്പിവെച്ചു. ഒഴിഞ്ഞ ചോറുപ്പാത്രം കഴുകി കമിഴ്ത്തി. വിശപ്പിന്റെ ആളല്‍ തടുക്കാന്‍ അവള്‍ വയര്‍ അമര്‍ത്തിപ്പിടിച്ചു, ശരീരം വളച്ചു, മുലയൂട്ടി കണ്ണനെ ഉറക്കി. ഭാവിയില്‍ നിന്റെ കൂടെയുള്ളവളോടുള്ള സ്‌നേഹത്തിന്റെ ഭാഷ എങ്ങനെയായിരിക്കും? നിന്റെ അപ്പയെ പോലെ ഇഷ്ടം തോന്നുമ്പോള്‍ വാസനിച്ചും ചിലപ്പോള്‍ വിരലിനിടയില്‍ വെച്ചമര്‍ത്തി കശക്കിയും കളയുന്ന മല്ലിപൂക്കള്‍ പോലെയാകുമോ?
സ്വസ്ഥമായി ഉറങ്ങുന്ന കുഞ്ഞിനെയവള്‍ അരുമയോടെ പുണര്‍ന്നു.
മുരുകന്‍ തലതാഴ്ത്തിയിരുന്നു ഭക്ഷണം കഴിച്ചു. അവസാനത്തെ ഉരുളയും വിഴുങ്ങുമ്പോളാണ് ഒഴിഞ്ഞ ചോറ്റുപ്പാത്രം അയാളുടെ കണ്ണില്‍ ഉടക്കിയത്. കുറ്റബോധത്തോടെ, ബീഡിക്കറ പുരണ്ട കൈവിരലുകള്‍ കൊണ്ടവന്‍, കണ്ണനെ കെട്ടിപ്പിടിച്ചു കിടക്കുന്ന മുത്തുവിനെ തോണ്ടിവിളിച്ചു, കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു മുഖത്തെ ജാള്യം മറയ്ക്കാന്‍ ശ്രമിച്ചു.
'മുത്തു, ഞാന്‍ നിനക്ക് കുറച്ചു പൊറോട്ട വാങ്ങി കൊണ്ടുവരാം,' അയാള്‍ ടോര്‍ച് തിരഞ്ഞു.'വേണ്ട, എനിക്കൊന്നും വേണ്ട', അവള്‍ ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു. നൊമ്പരം തേങ്ങലായി പുറത്തുവന്നു, കണ്ണുനീര്‍ കവിള്‍ നനച്ചൊഴുകി. അകത്തെ പതിഞ്ഞ ഇരുട്ടില്‍ അതയാള്‍ കണ്ടില്ല. അവളുടെ വെള്ളി മൂക്കുത്തി തിളങ്ങുന്നത് മാത്രം കണ്ടു. അയാള്‍ വാതില്‍ ചാരി പുറത്തിറങ്ങി പോകുന്ന ശബ്ദവും ഇടവഴിയിലെ ഇരുട്ടില്‍ നിന്ന് ഉണര്‍ന്ന തെരുവുനായ്ക്കളുടെ കുരയും മുത്തു കേട്ടു.
അവള്‍ നെഞ്ചില്‍ പറ്റിച്ചേര്‍ത്ത മഞ്ഞച്ചരടില്‍ കൊരുത്ത താലി വിരലുകള്‍ക്കൊണ്ട് മെല്ലെ തടവി. അവള്‍ ഒരു പാട്ടു മൂളാന്‍ ശ്രമിച്ചു, ഏത് രാഗം, മോഹനം, കാംബോജി, ആനന്ദഭൈരവി? പക്ഷെ അയാളുടെ സ്‌നേഹത്തിന്റെ ഭാഷ വ്യത്യസ്തമായിരുന്നു. താളം മുറിഞ്ഞ സ്വരങ്ങളില്‍, ഇടയ്ക്കിടെ ആരോഹണത്തിലും അവരോഹണത്തിലും ശ്രുതിഭംഗം മുഴച്ചു. അവള്‍ നോവുന്ന ഓര്‍മ്മകള്‍, സ്വയം ഒഴുക്കി കളയാന്‍ ശ്രമിച്ചു. വീണ്ടും വീണ്ടും നിറയാന്‍ വെമ്പി. ഒരൊഴിയല്‍ മറെറാരു നിറവിലേക്കുള്ള വഴിതുറക്കലാണല്ലോ.
തീവണ്ടി കുക്കിവിളിച്ചു, ആധിയും ആഹ്ലാദവും കൂടെക്കൂട്ടി, ഉരുക്ക് ചക്രങ്ങള്‍ ഉരച്ച് ഇരമ്പിപ്പാഞ്ഞു.