യുഎസില്‍ 9 ഓളം കുട്ടികള്‍ മുങ്ങിമരിച്ചു; കാനഡയില്‍ 260,000 ത്തിലധികം കൃത്രിമ സ്വിമ്മിംഗ് പൂളുകള്‍ തിരിച്ചുവിളിച്ചു

By: 600002 On: Jul 22, 2025, 10:42 AM

 

അമേരിക്കയില്‍ കൃത്രിമ സ്വിമ്മിംഗ് പൂളുകളില്‍ ഒമ്പത് കുട്ടികള്‍ മുങ്ങിമരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് കാനഡയില്‍ വിറ്റഴിച്ച ലക്ഷകണക്കിന് കൃത്രിമ സ്വിമ്മിംഗ് പൂളുകള്‍ തിരിച്ചുവിളിക്കുന്നതായി ഹെല്‍ത്ത്കാനഡ അറിയിച്ചു. ബെസ്റ്റ്‌വേ, ഇന്‍ടെക്‌സ് റിക്രിയേഷന്‍, പോളിഗ്രൂപ്പ് എന്നീ കമ്പനികളുടെ 260,000 ത്തിലധികം പൂളുകളാണ് തിരിച്ചുവിളിച്ചത്. 

കുട്ടികള്‍ പൂളിലേക്ക് പിടിച്ച്കയറുന്നതിന് സൗകര്യമൊരുക്കുന്ന കംപ്രഷന്‍ സ്ട്രാപ്പുകള്‍ ആണ് അപകടത്തിന് കാരണം. കാനഡയില്‍ ഇതുവരെ അപകടങ്ങളോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും അമേരിക്കയിലെ റിപ്പോര്‍ട്ട് പ്രകാരം പൂളുകള്‍ തിരിച്ചുവിളിക്കുകയാണ്. 2007 നും 2022 നും ഇടയില്‍ 22 മാസം മുതല്‍ 3 വയസ്സ് വരെ പ്രായമുള്ള 9 കുട്ടികള്‍ പൂളില്‍ മുങ്ങിമരിച്ചതായി കണ്‍സ്യൂമര്‍ പ്രൊഡക്ട് സേഫ്റ്റി കമ്മീഷനും ഹെല്‍ത്ത് കാനഡയും അറിയിച്ചു. 

ഈ കമ്പനികളുടെ പൂളുകള്‍ ഉള്ളവര്‍ ഉടന്‍തന്നെ നിര്‍മാതാക്കളുമായി ബന്ധപ്പെട്ട് സൗജന്യ റിപ്പയര്‍ കിറ്റ് വാങ്ങണം. കുട്ടികള്‍ക്ക് പൂളുകളിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അറ്റകുറ്റപ്പണി തീരുന്നത് വരെ കുളത്തിലെ വെള്ളം ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. പൂളിന്റെ പുറത്തുള്ള പൂള്‍ ലൈനറില്‍ പൂള്‍ ബ്രാന്‍ഡ് പേരുകളും മോഡല്‍ നമ്പറുകളും അച്ചടിച്ചിട്ടുണ്ടെന്ന് സിപിഎസ്‌സി പറയുന്നു.