മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കനേഡിയൻ കോളേജുകളിലും സർവകലാശാലകളിലും പഠിക്കാൻ അനുവദിക്കുന്ന ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് പ്രോഗ്രാമിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനൊരുങ്ങി ഫെഡറൽ ഓഡിറ്റർ ജനറൽ. സമീപ വർഷങ്ങളിൽ, കാനഡയിലേക്ക് എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം വളരെയധികം കൂടിയിട്ടുണ്ട്. ഇത് ഭവന മേഖല, വിദ്യാഭ്യാസ സേവനങ്ങൾ, ഇമിഗ്രേഷൻ സംവിധാനങ്ങൾ തുടങ്ങിയവയിൽ വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുള്ളതായി വിമർശനങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓഡിറ്റർ ജനറൽ സമഗ്രമായ അന്വേഷണത്തിന് ഒരുങ്ങുന്നത്.
ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് പ്രോഗ്രാ ഫലപ്രദമായും നീതിയുക്തമായും കൈകാര്യം ചെയ്യുന്നുണ്ടോ എന്ന് ഓഡിറ്റർ ജനറൽ പരിശോധിക്കും. തുടർന്ന് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടുത്ത വർഷം പാർലമെൻ്റിൽ സമർപ്പിച്ചേക്കും. ആസൂത്രണ ഘട്ടത്തിലായതിനാൽ ഓഡിറ്റിൻ്റെ വ്യാപ്തിയെയും സമയക്രമത്തെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത് വൈകുമെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി പ്രവേശനത്തിലെ ദ്രുതഗതിയിലുള്ള വർധനവ് യുവാക്കളുടെ തൊഴിലില്ലായ്മ വർദ്ധിപ്പിച്ചതായും ഭവന പ്രതിസന്ധി കൂടുതൽ വഷളാക്കിയതായും പ്രതിപക്ഷ കൺസർവേറ്റീവുകൾ ഉൾപ്പെടെയുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു