താന്‍ യുകെയിലേക്ക് താമസം മാറിയതിന് പിന്നിലെ കാരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണെന്ന് വെളിപ്പെടുത്തി പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും ഹാസ്യനടിയുമായ എല്ലെന്‍ ഡിജെനറസ്. കഴിഞ്ഞ വര്‍ഷം അമേരിക്ക വിട്ടതിന് ശേഷം ആദ്യമായാണ് 67കാരിയായ ഡിജെനറസ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലണ്ടില്‍ റിച്ചാര്‍ഡ് ബേക്കണ്‍ അവതാരകനായ അഭിമുഖ സംഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അമേരിക്കയേക്കാള്‍ യുകെയിലെ ജീവിതം ഇപ്പോള്‍ മികച്ചതായെന്ന് ഡിജെനെറസ് പറഞ്ഞു.
ട്രംപിന്റെ മുന്‍ ഭരണകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് എല്ലെന്‍ പറഞ്ഞു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്ന് അവര്‍ പറഞ്ഞു. ആ സമയത്ത് അവിടെ ജീവിക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും എല്ലെന്‍ വ്യക്തമാക്കി. അതുകൊണ്ടാണ് യുകെയിലേക്ക് താമസം മാറ്റാന്‍ തീരുമാനിച്ചത്. യുകെയില്‍ കൂടുതല്‍ സമാധാനവും സന്തോഷവും കണ്ടെത്താന്‍ കഴിയുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
2024 നവംബറിലാണ് അമേരിക്കയില്‍ നിന്നും ബ്രിട്ടനിലെ കോട്‌വോള്‍ഡ്‌സ് മേഖലയിലേക്ക് ഡിജെനെറസ് താമസം മാറിയത്. അവര്‍ മുമ്പ് കാലിഫോര്‍ണിയയിലെ മോണ്ടിസിറ്റോയിലാണ് താമസിച്ചിരുന്നത്. തുടക്കത്തില്‍ ബ്രിട്ടനിലെ താമസം താല്‍ക്കാലികമായിരുന്നുവെങ്കിലും ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇത് സ്ഥിരമാക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.