ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റിയിൽ ഒരു പുരാതന ദിനോസർ ഫോസിൽ 30.5 മില്യൺ ഡോളറിന് ലേലം ചെയ്തു. ഏകദേശം 263 കോടി രൂപയാണ് ഇന്ത്യൻ കറൻസിയിൽ ഇതിന്‍റെ മൂല്യം. സോത്ത്ബീസ് അടുത്തിടെ നടത്തിയ അപൂർവ വസ്തുക്കളുടെ ലേലത്തിൽ ഈ ദിനോസർ ഫോസിലും ഉൾപ്പെട്ടിരുന്നു. ചൊവ്വ ഗ്രഹത്തില്‍ നിന്നുള്ള ശില ഉൾപ്പെടെ വൻ തുകയ്ക്ക് വിറ്റ ഈ ലേലത്തിൽ ദിനോസർ ഫോസിലിനും അതിശയ വില ലഭിക്കുകയായിരുന്നു. ലേലമേശയില്‍ ആറ് മിനിറ്റ് നീണ്ട വാശിയേറിയ വിളിക്കൊടുവിലാണ് ഈ അസ്ഥികൂടത്തിന് ഫീസും ചെലവുകളും ഉൾപ്പെടെ 30.5 മില്യൺ ഡോളർ വില ലഭിച്ചത്.
ഇതോടെ ലോകത്തിലെ ഏറ്റവും വിലയേറിയ മൂന്നാമത്തെ ദിനോസർ അസ്ഥികൂടമായി ഇത് മാറി. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ഒരു ലേലത്തിൽ, അപെക്സ് എന്ന ഒരു ദിനോസർ ഫോസിൽ 44.6 മില്യൺ ഡോളറിന് വിറ്റുപോയിരുന്നു. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 380 കോടി രൂപ വരും. ഈ ദിനോസർ ഫോസിൽ ആരാണ് വാങ്ങിയതെന്ന് സുരക്ഷാ കാരണങ്ങളാൽ ലേലക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇതിന് ഏകദേശം 150 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ആറ് അടിയിലധികം ഉയരവും ഏകദേശം 11 അടി നീളവുമുള്ള ഒരു ജുവനൈൽ സെറാറ്റോസോറസ് ദിനോസറിന്‍റെ അസ്ഥികൂടം ആണ് കഴിഞ്ഞ ദിവസം ലേലത്തിൽ പോയത്. ഏകദേശം 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജുറാസിക് കാലഘട്ടത്തിന്‍റെ അവസാന കാലത്തിലേതാണെന്ന് കരുതപ്പെടുന്ന ഈ അസ്ഥികൂടം ഒരു സെറാറ്റോസോറസ് നാസികോർണിസ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇത് ഈ ഇനത്തിലെ അറിയപ്പെടുന്ന നാല് അസ്ഥികൂടങ്ങളിൽ ഒന്നാണ്. കൂടാതെ പ്രായപൂർത്തിയാകാത്ത ഒരേയൊരു അസ്ഥികൂടവുമാണ്. ടൈറനോസോറസ് റെക്സിനോട് സാമ്യമുള്ളതാണെങ്കിലും ചെറുതാണ് ഈ ഇനം .