വാഹന പാര്‍ക്കിംഗ് പിഴ ഏര്‍പ്പെടുത്തിയതായി വ്യാജ ടെക്സ്റ്റ് മെസേജ്: തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി പോലീസ് 

By: 600002 On: Jul 22, 2025, 8:55 AM

 

 

വാഹന പാര്‍ക്കിംഗിന്റെയും ഫോട്ടോ റഡാറിന്റെയും പേരില്‍ പിഴ ഏര്‍പ്പെടുത്തിയതായി അറിയിച്ച് വ്യാജ ടെക്സ്റ്റ് മെസേജ് അയച്ച് ആളുകളില്‍ നിന്നും പണം തട്ടുന്ന സംഘത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കാല്‍ഗറി പോലീസ്. പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് വരുന്ന എസ്എംഎസ് സന്ദേശങ്ങള്‍ തട്ടിപ്പാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം സന്ദേശങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങള്‍ നല്‍കരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. 

പിഴ അടച്ചില്ലെങ്കില്‍ വാഹനം കണ്ടുകെട്ടുകയോ, ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ, കനത്ത പിഴ ഈടാക്കേണ്ടി വരികയോ ചെയ്‌തേക്കാമെന്നുമുള്ള ഭീഷണി സ്വരത്തിലുള്ള സന്ദേശങ്ങളാണ് വരുന്നത്. സമീപ ആഴ്ചകളില്‍ ഇത്തരത്തിലുള്ള 25 ഓളം ടെക്‌സ്റ്റ് സന്ദേശങ്ങള്‍ ലഭിച്ചതായുള്ള പരാതികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി പോലീസ് പറഞ്ഞു. 

ആല്‍ബെര്‍ട്ട സര്‍ക്കാരോ കാല്‍ഗറി സിറ്റിയോ പിഴ വിവരങ്ങള്‍ എസ്എംഎസ് വഴി അയക്കില്ലെന്നും പിഴകളും തുടര്‍ന്നുള്ള അറിയിപ്പുകളും തപാല്‍ വഴിയാണ് ലഭിക്കുകയെന്നും പോലീസ് വ്യക്തമാക്കി. സംശയാസ്പദമായ രീതിയില്‍ ടെക്സ്റ്റ് മെസേജുകള്‍ ലഭിച്ചാല്‍ അത് ഡിലീറ്റ് ചെയ്യണമെന്നും തട്ടിപ്പിന് ഇരയായവര്‍ പോലീസിനെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.