സൂപ്പർ വിജയത്തിലേക്ക് 'ജെഎസ്കെ'; തീയേറ്ററുകൾ നിറച്ച് സുരേഷ് ഗോപി ചിത്രം

By: 600007 On: Jul 22, 2025, 8:41 AM

 

 

 

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്‍ത 'ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള" സൂപ്പർ വിജയത്തിലേക്ക്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും വലിയ സ്വീകരണം ലഭിച്ച ചിത്രം ഇപ്പൊൾ കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിച്ചത്. ജെ. ഫണീന്ദ്ര കുമാർ നിർമ്മിച്ച ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ.

ഒരേ സമയം ഒരു ക്ലാസ് ചിത്രവും മാസ്സ് ചിത്രവുമാണ് "ജെ എസ് കെ" എന്ന പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അത്കൊണ്ട് തന്നെ കുടുംബ പ്രേക്ഷകരും യുവ പ്രേക്ഷകരും ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. ത്രില്ലർ ചിത്രങ്ങളുടെ ആരാധകരും മികച്ച തീയേറ്റർ അനുഭവം നൽകാൻ ചിത്രത്തിന് സാധിക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഫയർ ബ്രാൻഡ് സുരേഷ് ഗോപിയെ ആണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത് എന്നതും ചിത്രത്തിൻ്റെ മാസ് അപ്പീൽ വർധിപ്പിച്ചിട്ടുണ്ട്. വളരെ ശക്തമായ ഒരു പ്രമേയമാണ് വമ്പൻ കാൻവാസിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കോർട്ട് റൂം ത്രില്ലർ അല്ലെങ്കിൽ മാസ്സ് ലീഗൽ ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൽ, സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡോണോവൻ എന്ന വക്കീൽ കഥാപാത്രമായി ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. പഞ്ച് ഡയലോഗുകളും ആക്ഷനും നിറഞ്ഞ ചിത്രത്തിൽ വൈകാരിക നിമിഷങ്ങൾക്കും ത്രില്ലടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ഭാഗങ്ങൾക്കും തുല്യമായ പ്രാധാന്യമുണ്ട്. ടൈറ്റിൽ കഥാപാത്രമായ ജാനകിയായി കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് അനുപമ പരമേശ്വരൻ സമ്മാനിച്ചത്.