ഗാസ: ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങളിൽ ഇസ്രയേലി സൈന്യത്തിന്റെ കൂട്ടക്കൊല തുടരുന്നു. ഇസ്രയേൽ-ഹമാസ് യുദ്ധം 22 മാസം പിന്നിടുമ്പോൾ ഭക്ഷണം തേടിയെത്തിയ 90 പലസ്‌തീൻകാരെ ഞായറാഴ്‌ച വിവിധ കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളിൽ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി. ഇസ്രയേലുമായുള്ള സികിം ക്രോസിങ്ങിലൂടെ വടക്കൻ ഗാസയിലെ സഹായകേന്ദ്രത്തിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടെയാണ് 90 പേർ കൊല്ലപ്പെട്ടത്. പരിക്കേറ്റ 150-ലധികം പേരിൽ പലരുടെയും നില ഗുരുതരമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുഎന്നിന്റെ ട്രക്കുകൾക്കടുത്തേക്ക് ഓടിക്കൂടിയവർക്കുനേരെ ഇസ്രയേൽ സൈന്യം വെടിവെക്കുകയായിരുന്നു. ഇസ്രയേൽ സൈന്യം ജനക്കൂട്ടത്തിനുനേരെ തുടർച്ചയായി വെടിയുതിർത്തെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മേയ് മുതൽ ഇസ്രയേലിന്റെ അനുമതിയോടെ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫണ്ടിന്റെ ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കടുത്ത് ഇസ്രയേൽ സൈന്യം പലതവണ വെടിവെപ്പ് നടത്തിയിരുന്നു. അതിൽ 800-ലേറെപ്പേർ മരിച്ചെന്നാണ് യുഎൻ കണക്ക്.
സഹായവിതരണം ശരിയാംവിധം നടക്കാത്തതിനെത്തുടർന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായ മുനമ്പിൽ ക്ഷീണവും തലകറക്കവുകൊണ്ട് അവശരായ രോഗികളാൽ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. ഇതിനിടെ പരിക്കറ്റവരെക്കൊണ്ടും ആശുപത്രി നിറഞ്ഞുകവിഞ്ഞു. ഭക്ഷണവും പ്രോട്ടീനും ലഭിക്കാതെ നൂറുകണക്കിന് രോഗികൾ പട്ടിണികൊണ്ട് ഉടൻ മരിക്കുന്ന സാഹചര്യമാണെന്നാണ് പലസ്തീൻ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനൽകുന്നത്. പോഷകാഹാരക്കുറവ് മൂലം 71 കുട്ടികൾ മരിച്ചെന്നും 60,000 പേർ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും മന്ത്രാലയം പുറത്തിറിക്കയ പ്രസ്താവനയിൽ പറയുന്നു.