ഒരു നിമിഷത്തെ ആലിംഗനവും, അത് വരുത്തിവച്ച പ്രത്യാഘാതങ്ങളുമാണ് ഇപ്പോൾ അമേരിക്കയിൽ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച. ബോസ്റ്റണിൽ കോൾഡ് പ്ലേ അവതരിപ്പിച്ച സംഗീതപരിപാടിക്കിടെ ആയിരുന്നു പിന്നീട് വൈറലായ നിമിഷങ്ങൾ ഉണ്ടായത്.
സംഗീത പരിപാടിക്കിടെ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിലാണ് രണ്ട് പേർ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങൾ തെളിഞ്ഞത്. ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെ അതിവേഗം വൈറലായി. ആലിംഗനം ചെയ്യുന്നവരിലൊരാൾ ടെക് കമ്പനിയായ ആസ്ട്രണോമറുടെ സിഇഒ ആയ ആൻഡി ബൈറൻ ആണെന്ന് പിന്നീട് വ്യക്തമായി. കമ്പനിയുടെ എച് ആർ മേധാവിയായ ക്രിസ്റ്റിൻ കാബട് ആയിരുന്നു ദൃശ്യത്തിലെ വനിത. ഇതേ തുടർന്ന് കമ്പനി ഒരു ആഭ്യന്തര അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസത്തിന് ശേഷം ബൈറൺ രാജി പ്രഖ്യാപിച്ചതായും കമ്പനി അറിയിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥർ ഉയർന്ന നിലവാരത്തിലുള്ള പെരുമാറ്റവും ഉത്തരവാദിത്തവും പാലിക്കണമെന്നായിരുന്നു ഇത് സംബന്ധിച്ച് കമ്പനിയുടെ പ്രതികരണം. കമ്പനി ആവശ്യപ്പെട്ടിട്ടാണോ രാജി എന്ന കാര്യം വ്യക്തമല്ല.
ഇതോടെ സംഭവം വലിയ രീതിയിലുള്ള ചർച്ചകൾക്കും വഴിവച്ചു. പൊതു ഇടങ്ങളിൽ ആർക്കും ഇന്ന് അജ്ഞാതരായിരിക്കാൻ കഴിയില്ലെന്നാണ് ഈ സംഭവം എടുത്തുകാണിക്കുന്നതായി സ്വകാര്യതാ വിദഗ്ധർ പറയുന്നു. വലിയ ജനക്കൂട്ടത്തിനിടയിലും ആളുകളെ എളുപ്പത്തിൽ തിരിച്ചറിയാനും തുറന്നുകാട്ടാനും കഴിയുമെന്ന് ടൊറൻ്റോ സർവകലാശാലയിലെ ഇവാൻ ലൈറ്റ് അഭിപ്രായപ്പെട്ടു.