പുതിയ വിസ ഇൻ്റഗ്രിറ്റി ഫീസ് ഈടാക്കാനൊരുങ്ങി അമേരിക്കൻ സർക്കാർ

By: 600110 On: Jul 21, 2025, 3:45 PM

രാജ്യത്തേയ്ക്ക് പ്രവേശിക്കാൻ പുതിയ വിസ ഇൻ്റഗ്രിറ്റി ഫീസ് ഈടാക്കാനൊരുങ്ങി അമേരിക്കൻ സർക്കാർ. അമേരിക്കയിലേക്ക് പ്രവേശിക്കാൻ നോൺഇമിഗ്രൻ്റ്  വിസ ആവശ്യമായിട്ടുള്ളവരിൽ നിന്നാണ് നികുതിയായി 250 ഡോളർ വരെ ഈടാക്കുക. പുതുതായി പാസ്സാക്കിയ വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ടിൻ്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. 

യുഎസ് വിസക്ക് അപേക്ഷിക്കുമ്പോഴാണ് കാനഡയിലെ സ്ഥിരതാമസക്കാർക്ക് ഈ ഫീസ് നൽകേണ്ടി വരിക. , എന്നാൽ ഹ്രസ്വ സന്ദർശനത്തിനെത്തുന്ന കനേഡിയൻ പൗരന്മാരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ നല്കേണ്ട വിസാ ഫീസിനു പുറമെയാണ് പുതിയ തുകയും ഈടാക്കുക. ആരെയും പുതിയ ഫീസിൽ നിന്ന് ഒഴിവാക്കില്ല. മെച്ചപ്പെട്ട വിസ നിർവ്വഹണത്തിനും അതിർത്തി സുരക്ഷാ നടപടികൾക്കും പണം കണ്ടെത്തുന്നതിനായാണ് പുതിയ ഫീസ് ഏർപ്പെടുത്തിയിട്ടുള്ളത്. B-1/B-2, F-1, H-1B, J-1 പോലുള്ള വിസകൾക്ക് അപേക്ഷിക്കുന്നവർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ,  എന്നിവർക്കെല്ലാം ഈ ഫീസ് ബാധകമാണ്. ഈ വർഷം ഒക്ടോബർ ഒന്ന് മുതൽ ഈ പുതിയ ഫീസ് പ്രാബല്യത്തിലായേക്കുമെന്നാണ് സൂചന. അന്താരാഷ്ട്ര വിദ്യാർത്ഥികൾ, സന്ദർശകർ തുടങ്ങിയവരെ സംബന്ധിച്ച് പുതിയ ഫീസ് തിരിച്ചടിയാകും. യുഎസ് വിനോദസഞ്ചാര മേഖലയെയും ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.