മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ ഭവന നിർമ്മാണത്തിൽ നേരിയ വർദ്ധന മാത്രമാണ് ഉണ്ടായത് കാനഡ ഹൌസിങ് ആൻ്റ് മോർട്ഗേജ് കോർപ്പറേഷൻ. വെറും 0.4% വർധന മാത്രമാണ് ഈ കാലയളവിലുണ്ടായത്. എന്നാൽ കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ വീടുകളുടെ നിർമ്മാണം 14 ശതമാനം ഉയർന്നിട്ടുണ്ട്.
ഈ വർഷം ഭവനനിർമ്മാണത്തിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായത് എഡ്മൻ്റണും കാൽഗറിയുമാണ്. എഡ്മൺടൺ ഈ വർഷം ആദ്യ പാതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 29 ശതമാനം കൂടുതൽ വീടുകൾ നിർമ്മിച്ചു. കാൽഗറിയിൽ ഇത് 32 ശതമാനമാണ്. ലളിതമായ സോണിങ് നിയമങ്ങൾ കൊണ്ടുവന്നതിനാലാണ് ഈ നഗരങ്ങൾക്ക് കൂടുതൽ വീടുകൾ നിർമ്മിക്കാൻ സഹായകമായതെന്നാണ് വിലയിരുത്തൽ. എന്നാൽ കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറൻ്റോയിൽ കഴിഞ്ഞ വർഷത്തെ ആദ്യപകുതിയേക്കാൾ 44 ശതമാനം കുറവ് വീടുകൾ മാത്രമാണ് നിർമ്മിച്ചത്. പുതിയ വീടുകൾക്ക് അനുമതി ലഭിക്കാൻ വൈകുന്നതടക്കമുള്ള കാര്യങ്ങളാണ് ടൊറൻ്റോയ്ക്ക് തിരിച്ചടിയായതെന്നാണ് വിദഗ്ധർ പറയുന്നത്.
കഴിഞ്ഞ മുപ്പത് കൊല്ലങ്ങൾക്കിടെ നിർമ്മിച്ചിരിക്കുന്ന വീടുകളിൽ പകുതിയും ഒറ്റവീടുകളും, അല്ലെങ്കിൽ ഉയരം കൂടിയ കോൺഡോ ടവറുകളുമാണെന്ന് വിദഗ്ധർ പറയുന്നു. ഇവ എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നില്ല. ചെലവ് കൂടിയതിലാൽ ഒറ്റവീടുകൾ പല കുടുംബങ്ങൾക്കും താങ്ങാൻ കഴിയുന്നതല്ല.ഉയരം കൂടിയ കോൺഡോകൾക്കും ആവശ്യംക്കാർ കുറവാണ്. എഡ്മണ്ടൺ പോലുള്ള നഗരങ്ങൾ നേട്ടങ്ങളുണ്ടാക്കുന്നത് ഇവിടെയാണെന്നും വിദഗ്ധർ വിലയിരുത്തുന്നു. കൂടുതൽ വ്യത്യസ്തതയുള്ള വീടുകൾ അനുവദിക്കുന്ന സോണിങ് നിയമങ്ങളാണ് ഇവിടെയുള്ളത്. വാങ്കൂവറിലും കഴിഞ്ഞ ജൂണുമായി താരതമ്യപ്പെടുത്തുമ്പോൾ വീടുകളുടെ നിർമ്മാണം 74% ഉയർന്നു. വിക്ടോറിയയിൽ 187% വർധനവും ഉണ്ടായി.