അനുമതിയില്ലാതെ എംആര്‍ഐ സ്‌കാനിംഗ് മുറിയിലേക്ക് ലോഹമാല ധരിച്ചെത്തിയ 61കാരനെ എംആര്‍ഐ മെഷീന്‍ വലിച്ചെടുത്തു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും യന്ത്രത്തില്‍ കുടുങ്ങിയ ഇയാള്‍ മരണത്തിന് കീഴടങ്ങി. ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡിലുള്ള വെസ്റ്റ്ബറിയില്‍ ബുധനാഴ്ച വൈകിട്ട് നാലരയ്ക്കാണ് സംഭവമുണ്ടായത്. ഭാര്യയ്ക്ക് എംആര്‍ഐ സ്‌കാന്‍ ചെയ്യാനെത്തിയതിനിടെ ഇയാള്‍ മുറിയിലേക്ക് അനുവാദമില്ലാതെ കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ലോഹനിര്‍മിതമായ വലിയ മാല കഴുത്തില്‍ ധരിച്ചുകൊണ്ടാണ് ഇയാള്‍ സ്‌കാനിംഗ് മുറിയിലേക്ക് അനുവാദമില്ലാതെ കയറിയത്. തുടര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്ന എംആര്‍ഐ മെഷീന്‍ ഇയാളെ വലിച്ചെടുക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിച്ചു. ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായെന്നാണ് വിവരം.
ഏത് തരത്തിലുള്ള പരുക്കാണ് ഇയാള്‍ക്ക് സംഭവിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.