മോസ്‌കോ: റഷ്യയിൽ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്‌ആപ്പിന്‍റെ ഭാവി ആശങ്കയില്‍. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് റഷ്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങിക്കൊള്ളണമെന്ന് റഷ്യന്‍ പാർലമെന്‍റിന്‍റെ അധോസഭയായ ഇൻഫർമേഷൻ ടെക്‌നോളജി കമ്മിറ്റിയുടെ ഡെപ്യൂട്ടി ഹെഡ് ആന്‍റൺ ഗൊറെൽകിൻ പ്രസ്താവിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വരും കാലങ്ങളിൽ വാട്സ്ആപ്പിനെ നിരോധിത സോഫ്റ്റ്‌വെയറുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും അദേഹം സൂചന നൽകിയതായി റോയിട്ടേഴ്‌സിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും മുമ്പ് നിരോധിച്ചതുപോലെ വാട്സ്ആപ്പും റഷ്യയില്‍ നിരോധനത്തിന്‍റെ പാതയിലാണെന്നാണ് റിപ്പോർട്ടുകൾ.
ഒരു സ്റ്റേറ്റ് മെസേജിംഗ് ആപ്പ് വികസിപ്പിക്കാൻ ആവശ്യപ്പെടുന്ന ഒരു പുതിയ നിയമം റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ മാസം പാസാക്കിയിരുന്നു. പൗരന്മാർ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു മാർഗമായി മാത്രമല്ല, സർക്കാർ സേവനങ്ങളുമായി സംയോജിപ്പിക്കുന്നതാണ് ഈ നിയമം. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ വിദേശ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റഷ്യയുടെ ആശ്രിതത്വം കുറയ്ക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.
റഷ്യൻ സർക്കാർ സാങ്കേതികവിദ്യയിൽ തങ്ങളുടെ ഇടപെടൽ വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആന്‍റൺ ഗൊറെൽകിന്‍റെ പ്രസ്താവന സ്ഥിരീകരിക്കുന്നു. വാട്സ്ആപ്പ് റഷ്യയിൽ നിന്ന് പിന്മാറിയാൽ, സർക്കാരിന്‍റെ പുതിയ ആപ്പിന് വിപണി വിഹിതം വർധിപ്പിക്കാനുള്ള അവസരമാകുമെന്ന് അദേഹം പറഞ്ഞു. റഷ്യക്കാരിൽ 68 ശതമാനം പേരും ദിവസവും ഉപയോഗിക്കുന്ന വാട്സ്ആപ്പ് രാജ്യം ഉപേക്ഷിച്ചാൽ, സർക്കാർ പിന്തുണയുള്ള ആപ്പായ MAX-ന് വിപണി വിഹിതം നേടാൻ കഴിയുമെന്ന് ആന്‍റൺ ഗൊറെൽകിൻ ടെലിഗ്രാമിലെ പ്രസ്താവനയിൽ വ്യക്തമാക്കി. വിദേശ മെസേജിംഗ് ആപ്പുകൾക്ക് പകരം സ്വന്തം വഴികൾ സ്വീകരിക്കുന്നതിലാണ് റഷ്യ ഇപ്പോൾ ഊന്നൽ നൽകുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.