പിയറി പൊയിലീവ്രെയുടെ ഉപതെരഞ്ഞെടുപ്പിൽ മല്സരരംഗത്തുള്ളത് റെക്കോർഡ് സ്ഥാനാർത്ഥികൾ

By: 600110 On: Jul 19, 2025, 3:14 PM

 

കനേഡിയൻ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പേർ മല്സരിക്കുന്ന തെരഞ്ഞെടുപ്പായി കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ മല്സരിക്കുന്ന ഉപതെരഞ്ഞെടുപ്പ്. നൂറിലധികം സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇതുവരെ 108 സ്ഥാനാർത്ഥികൾ ആണ് രജിസ്റ്റർ ചെയ്തത്. നേരത്തേ  91 ആയിരുന്നു റെക്കോർഡ് സ്ഥാനാർത്ഥികളുടെ എണ്ണം.  അതാണ് ഇത്തവണ  മറികടക്കപ്പെട്ടത്.

ആൽബെർട്ടയിലെ ബാറ്റിൽ റിവർ-ക്രോഫൂട്ടിൽ അടുത്ത മാസമാണ് ഉപതിരഞ്ഞെടുപ്പ്. മത്സരരംഗത്തള്ളവരിൽ ഭൂരിഭാഗവും ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റി എന്നറിയപ്പെടുന്ന തിരഞ്ഞെടുപ്പ് പരിഷ്കരണ വക്താക്കളുടെ ഒരു ഗ്രൂപ്പുമായി ബന്ധമുള്ളവരാണ്. ഫെഡറൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് നേതാവ് പിയറി പൊയ്‌ലിവ്രെ തോൽവി വഴങ്ങിയിരുന്നു. തുടർന്ന് പൊയിലീവ്രെയ്ക്ക് പാർലമെൻ്റിലെത്താൻ തിരഞ്ഞെടുക്കപ്പെട്ട എംപി ഡാമിയൻ കുറെക് രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സമീപ വർഷങ്ങളിൽ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനായി ലോങ്ങസ്റ്റ് ബാലറ്റ് കമ്മിറ്റി ഡസൻ കണക്കിന് സ്ഥാനാർത്ഥികളെ നിർത്തുന്നത് പതിവാവുകയാണ്. ഇതിൻ്റെ ഫലമായി നീളമുള്ള ബാലറ്റുകൾ വേണ്ടി വരികയും വോട്ടെണ്ണലിൽ കാലതാമസമുണ്ടാവുകയും ചെയ്യുന്നുണ്ട്. ചില വോട്ടർമാരെയും ഇത് ആശയക്കുഴപ്പത്തിലാക്കി. രാഷ്ട്രീയക്കാരല്ല, സാധാരണക്കാരാണ് തിരഞ്ഞെടുപ്പ് എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടതെന്ന് ഇവർ കരുതുന്നു. അതിനായി വിഷയം പഠിക്കാനും വോട്ടിംഗ് സമ്പ്രദായം മെച്ചപ്പെടുത്താനുമുള്ള വഴികൾ നിർദ്ദേശിക്കാൻ പൌരസഭ രൂപീകരിക്കാനും ഇവരുടെ നീക്കം.