ക്യുആര്‍ കോഡ് ഉപയോഗിച്ച് തട്ടിപ്പ്; സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് 'ക്വിഷിംഗി' നെക്കുറിച്ച് അറിഞ്ഞിരിക്കാം  

By: 600002 On: Jul 19, 2025, 12:24 PM

 

ഡിജിറ്റല്‍ യുഗത്തില്‍ എല്ലായിടത്തും ക്യുആര്‍ കോഡുകളുണ്ട്. കോവിഡ് പാന്‍ഡെമിക് സമയത്ത് ജനപ്രീതി വര്‍ധിച്ചു. പേയ്‌മെന്റുകള്‍, രജിസ്‌ട്രേഷനുകള്‍ മുതല്‍ പരസ്യം, വിവരങ്ങള്‍ അറിയാന്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ക്ക് ക്യുആര്‍ കോഡാണ് ഉപയോഗിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങളും ബ്രാന്‍ഡുകളും സ്‌കാന്‍ ചെയ്യാവുന്ന കോഡുകള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകളും വര്‍ധിച്ചതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

'ക്വിഷിംഗ്'   എന്നാണ് ക്യുആര്‍ കോഡ് തട്ടിപ്പുകള്‍ അറിയപ്പെടുന്നത്. വിശ്വസനീയമായ സ്ഥലങ്ങളില്‍ കോഡുകള്‍ പോസ്റ്റ് ചെയ്ത് തട്ടിപ്പ് നടത്തുന്ന രീതിയാണിതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴോ സര്‍വീസിനോ ആളുകള്‍ കോഡുകള്‍ കണ്ടാല്‍ സ്‌കാന്‍ ചെയ്യും. എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ എവിടെയാണ് പോകുന്നതെന്ന് ശ്രദ്ധിക്കുന്നില്ല. അപ്പോള്‍ തട്ടിപ്പ് നടത്താന്‍ എളുപ്പമാണെന്ന് തട്ടിപ്പുകാര്‍ മനസ്സിലാക്കുന്നു. ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്ന തട്ടിപ്പുകാര്‍ കോഡില്‍ കൃത്രിമം വരുത്തി ആളുകളില്‍ നിന്നും പണം തട്ടാനുള്ള വഴികള്‍ കണ്ടെത്തുന്നുവെന്ന് ലാസ് വേഗാസിലെ നെവാഡ യൂണിവേഴ്‌സിറ്റിയിലെ സൈബര്‍ സുരക്ഷാ വിദഗ്ധനായ ടോം ആര്‍നോള്‍ഡ് പറയുന്നു. 

കഴിഞ്ഞ വര്‍ഷം,  കമ്മ്യൂണിക്കേഷന്‍സ് സെക്യൂരിറ്റി എസ്റ്റിബ്ലിഷ്‌മെന്റ് കാനഡയുടെ ഭാഗമായ കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, ക്യുആര്‍ കോഡുകളുടെ സുരക്ഷാ പരിഗണനകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്യാമറകള്‍ ഉപയോഗിച്ച് ഉപകരണങ്ങളെ സൈബര്‍ ആക്രമണം നടത്തുകയോ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കുകയോ ഫിഷിംഗ് തട്ടിപ്പുകള്‍ നടത്തുകയോ ചെയ്യുന്നതിനുള്ള സാധ്യതയുണ്ടെന്നും അറിയിക്കുന്നു. കനേഡിയന്‍ ബാങ്കിംഗ് അസോസിയേഷനും ക്യുആര്‍ കോഡ് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.