കഴിഞ്ഞ സമ്മര്‍ സീസണില്‍ കാല്‍ഗറിയില്‍ നടന്ന നിരവധി ടാക്‌സി തട്ടിപ്പുകളെ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുന്നു. കേസില്‍ ഉള്‍പ്പെട്ട നാലോളം പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. അഞ്ച് ദിവസത്തിനിടെ 19 ടാക്‌സി തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് 2024 ജൂലൈയിലാണ് കാല്‍ഗറി പോലീസ് അന്വേഷണം ആരംഭിച്ചത്.
ക്യാബ് ഡ്രൈവറും യാത്രക്കാരനുമായി നടിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ക്യാബ് യാത്ര ചെയ്തതിന് ശേഷം പണം നല്‍കാനില്ലാത്തതു പോലെ കാണിച്ച് പ്രതി സമീപത്തുള്ള അപരിചിതനോട് ബാങ്ക് കാര്‍ഡ് വഴി പണം നല്‍കാന്‍ ആവശ്യപ്പെടുന്നു. അപരിചിതന്‍ കാര്‍ഡ് നല്‍കി പാസ്‌വേര്‍ഡ് അടിക്കുമ്പോള്‍ അത് ഒരു സ്‌കിമ്മിംഗ് ഉപകരണത്തില്‍ പ്രതികള്‍ പകര്‍ത്തുന്നു.
യഥാര്‍ത്ഥ ബാങ്ക് കാര്‍ഡ് വാങ്ങി വ്യാജമായ ബാങ്ക് കാര്‍ഡ് ഇരയ്ക്ക് നല്‍കുന്നു. മോഷ്ടിച്ച കാര്‍ഡ് ഉപയോഗിച്ച് പ്രതികള്‍ പണം എടിഎമ്മില്‍ നിന്നും പിന്‍വലിക്കുകയാണ് ചെയ്യുക. ഇതോടെയാണ് ഇര തന്റെ കാര്‍ഡ് മോഷണം പോയെന്നും തട്ടിപ്പിനിരയായെന്നും തിരിച്ചറിയുക. പ്രതികള്‍ കാല്‍ഗറിയിലെ ലൈസന്‍സുള്ള ടാക്‌സി ഡ്രൈവര്‍മാരല്ലെന്നും പോലീസ് പറഞ്ഞു.
എഡ്മന്റണ്‍, ടൊറന്റോ, മെട്രോ വാന്‍കുവര്‍ എന്നിവടങ്ങളില്‍ സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. തട്ടിപ്പുകളിരയായ 16 പേര്‍ക്ക് 28,000 ഡോളറിലധികം പണം നഷ്ടപ്പെട്ടതായി പോലീസ് വ്യക്തമാക്കി. 64 ഓളം കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയതായി പോലീസ് പറഞ്ഞു. പ്രതികള്‍ ഒന്റാരിയോയിലാണ് താമസിക്കുന്നതെന്നാണ് കരുതുന്നത്. ആല്‍ബെര്‍ട്ടയില്‍ വാറണ്ടുള്ള നാല് പേരുടെയും ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.