ഹോട്ട് എയര്‍ ബലൂണ്‍ സവാരി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം തട്ടുന്ന സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി യോര്‍ക്ക് റീജിയണല്‍ പോലീസ്. 2024 ജൂണ്‍ 4 ന് ഹോട്ട് എയര്‍ ബലൂണ്‍ റൈഡുകള്‍ വാഗ്ദാനം ചെയ്യുന്ന 'ദി കാന്‍ഡില്‍ എക്‌സ്പീരിയന്‍സ് 2025' എന്ന കമ്പനി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുന്ന പരസ്യത്തിന് ഒരാള്‍ മറുപടി നല്‍കിയതോടെയാണ് വിചിത്രമായ തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിയുന്നത്. തുടര്‍ന്നാണ് പോലീസില്‍ പരാതി ലഭിക്കുകയും ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു.
ഒരാള്‍ക്ക് 45 ഡോളറാണ് റൈഡിനെന്ന് പറഞ്ഞാണ് പണം ഈടാക്കിയിരുന്നത്. മാര്‍ക്കം സിറ്റിയിലെ 14 അവന്യു ഡൊണാള്‍ഡ് കൂസെന്‍സ് പാര്‍ക്ക്‌വേയിലെ ഒരു പാര്‍ക്കിലാണ് റൈഡ് ഷെഡ്യൂള്‍ ചെയ്തതായി റൈഡിന് ബുക്ക് ചെയ്തവരെ അറിയിച്ചിരുന്നത്. എന്നാല്‍ സ്ഥലത്തെത്തിയപ്പോള്‍ കമ്പനിയുടേതായി ആരും അവിടെ ഉണ്ടായിരുന്നില്ലെന്നും സമാനമായി തട്ടിപ്പിനിരയായവര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നതെന്നും പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ജൂലൈ 12 നും സമാനമായി ആളുകളെ തട്ടിപ്പിനിരയാക്കിയതായി പോലീസ് പറഞ്ഞു.
ഇത്തരം പരസ്യങ്ങള്‍ വഴിയുള്ള ബുക്കിംഗും മറ്റും ചെയ്യുമ്പോള്‍ ആധികാരികത വിലയിരുത്തുകയും തട്ടിപ്പ് തിരിച്ചറിയുകയും ചെയ്യണമെന്നും പണം നല്‍കുന്നതിന് മുമ്പ് ആലോചിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു.