ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് 60 ദിവസത്തിനുള്ളില്‍ രാജ്യം വിടേണ്ടിവരും

By: 600002 On: Jul 18, 2025, 11:38 AM


 

 

പി പി ചെറിയാന്‍, ഡാളസ് 


വാഷിംഗ്ടണ്‍ ഡി.സി: 1999 മുതല്‍ അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ക്ക് 60 ദിവസത്തിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദ്ദേശം. ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനപ്രകാരം, പതിറ്റാണ്ടുകളായി യുഎസില്‍ കഴിയുന്ന 50,000 ത്തിലധികം ഹോണ്ടുറാസ്, നിക്കരാഗ്വ പൗരന്മാര്‍ക്ക് സെപ്റ്റംബറോടെ താല്‍ക്കാലിക സംരക്ഷണ പദവി (TPS) നഷ്ടമാകും.

നഴ്സുമാര്‍, മെക്കാനിക്കുകള്‍, ശുചീകരണ തൊഴിലാളികള്‍, എക്സിക്യൂട്ടീവുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ കുടിയേറ്റക്കാര്‍. ഇവര്‍ ഇവിടെ വിവാഹം കഴിക്കുകയും വീടുകള്‍ വാങ്ങുകയും കുട്ടികളെ വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. റെസ്റ്റോറന്റുകളും നിര്‍മ്മാണ കമ്പനികളും ഉള്‍പ്പെടെ നിരവധി ബിസിനസ്സുകള്‍ ഇവര്‍ ആരംഭിക്കുകയും നികുതി അടയ്ക്കുകയും സാമൂഹിക സുരക്ഷയ്ക്ക് സംഭാവന നല്‍കുകയും ചെയ്തിട്ടുണ്ട്. 1999 മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരാണിവര്‍.

കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. ഹോണ്ടുറാസിലും നിക്കരാഗ്വയിലും 'സാഹചര്യങ്ങള്‍ മെച്ചപ്പെട്ടതിനാല്‍' തദ്ദേശീയര്‍ക്കുള്ള ടിപിഎസ് പരിപാടി അവസാനിപ്പിക്കുകയാണെന്നാണ് വകുപ്പിന്റെ വിശദീകരണം.

ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ നികരാഗ്വന്‍, ഹോണ്ടുറാന്‍ കുടിയേറ്റക്കാര്‍ നിയമപോരാട്ടം ആരംഭിച്ചിട്ടുണ്ട്. ജോണി സില്‍വ എന്നയാള്‍ തന്റെ കുട്ടിയോടൊപ്പം ചേര്‍ന്ന് കേസെടുത്തിരിക്കുന്നത് ഇതിന് ഉദാഹരണമാണ്.