ആല്‍ബെര്‍ട്ടയിലെ 13 ഓളം കാസിനോകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 24/7 ലിക്വര്‍ സര്‍വീസ് നടത്തുന്നു  

By: 600002 On: Jul 18, 2025, 11:21 AM


ആല്‍ബെര്‍ട്ടയിലുള്ള 13 ഓളം കാസിനോകളില്‍ ഇനി ഏത് സമയത്തും ഉപഭോക്താക്കള്‍ക്ക് മദ്യം വിളമ്പാന്‍ അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് പ്രോഗ്രാം നിലവില്‍ പ്രാവര്‍ത്തികമാക്കുന്നത്. ജൂലൈ 1 ന് ആരംഭിച്ച ട്രയല്‍ ആറ് മാസത്തേക്ക് നീണ്ടുനില്‍ക്കുമെന്ന് ആല്‍ബെര്‍ട്ട ഗെയ്മിംഗ്, ലിക്വര്‍ ആന്‍ഡ് കനാബീസ്(എജിഎല്‍സി) മാധ്യമങ്ങളോട് പറഞ്ഞു. പൈലറ്റ് പദ്ധതി പ്രകാരം, കാസിനോകള്‍ക്കും റേസിംഗ് എന്റര്‍ടെയ്ന്‍മെന്റ് സെന്ററുകള്‍ക്കും അവരുടെ ഫെസിലിറ്റികളിലെ സ്ലോട്ട് പ്രവര്‍ത്തനങ്ങളുടെ സമയത്തിന് അനുസൃതമായി ലിക്വര്‍ സര്‍വീസ് സമയം നീട്ടാന്‍ അനുവാദമുണ്ടാകും. അതായത് 24 മണിക്കൂറും സ്ലോട്ടുകള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക് 24 മണിക്കൂറും മദ്യം വിളമ്പാന്‍ സാധിക്കും. 

അതേസമയം, കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിരവധി നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എജിഎല്‍സി അറിയിച്ചു. ഗെയ്മിംഗ് ആക്ടിവിറ്റികള്‍ ഉള്‍പ്പെടുന്ന മേഖലകളിലേക്ക് ലിക്വര്‍ സര്‍വീസ് പരിമിതപ്പെടുത്തുക, അര്‍ധരാത്രി മുതല്‍ രാവിലെ 9 മണി വരെയുള്ള പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ സൂക്ഷിക്കുക, ദീര്‍ഘിപ്പിച്ച സമയങ്ങളില്‍ വില്‍പ്പന അനുവദിക്കാതിരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഡ്രിങ്കിംഗ്, ഗ്യാമ്പ്‌ളിംഗ് നയങ്ങള്‍ പാലിക്കാന്‍ ഓപ്പറേറ്റര്‍മാര്‍ ബാധ്യസ്ഥരാണെന്നും അധികൃതര്‍ അറിയിക്കുന്നു. ProServe, ProTect, DealUsIn സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള ജീവനക്കാര്‍ ഈ സമയങ്ങളില്‍ സ്ഥലത്ത് ഉണ്ടായിരിക്കണമെന്നും നിയമത്തില്‍ അനുശാസിക്കുന്നു. 

ആല്‍ബെര്‍ട്ടയിലെ ലൈസന്‍സുള്ള എയര്‍പോര്‍ട്ട് റെസ്‌റ്റോറന്റുകളിലും ലോഞ്ചുകളിലും 24 മണിക്കൂറും ലിക്വര്‍ സര്‍വീസ് അനുവദിക്കുന്നുണ്ട്. 

പ്രവിശ്യയില്‍ 24 മണിക്കൂറും മദ്യം വിളമ്പാന്‍ അനുവാദം നല്‍കിയിരിക്കുന്ന കാസിനോകള്‍:  PURE Casino Calgary, Deerfoot Inn & Casino Calgary, Ace Casino Blackfoot Calgary, Ace Casinos Airport Calgary, Grey Eagle Casino Calgary area, PURE Casino Lethbridge, Cash Casino Red Deer, River Cree Edmonton area, PURE Casino Edmonton, PURE Casino Yellowhead Edmonton, Century Casino Edmonton, Great Northern Casino Grande Prairie, and Rivers Casino Fort McMurray.