കാനഡയില്‍ ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു: സിഐഎച്ച്‌ഐ റിപ്പോര്‍ട്ട് 

By: 600002 On: Jul 18, 2025, 9:42 AM

 

 

കാനഡയിലുടനീളം സ്‌കൂട്ടര്‍, ഇ-സ്‌കൂട്ടര്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചതായി കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്റെ(CIHI) റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍, കൗമാരക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്കാണ് ഇ-സ്‌കൂട്ടര്‍ അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022 നും 2024 നും ഇടയില്‍ 5 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെയും യുവാക്കളുടെയും ഇ-സ്‌കൂട്ടര്‍ അപകടവുമായി ബന്ധപ്പെട്ട ആശുപത്രി പ്രവേശനങ്ങളില്‍ 61 ശതമാനം വര്‍ധനയുണ്ടായി. 

2023 ഏപ്രില്‍ 1 മുതല്‍ 12 മാസ കാലയളവില്‍ സ്‌കൂട്ടറുമായി ബന്ധപ്പെട്ട പരുക്കുകള്‍ കാരണം ഏകദേശം 1000 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സിഐഎച്ച്‌ഐ വ്യക്തമാക്കുന്നു. 2022-23 ലെ ഇതേകാലയളവില്‍ ഇത് 810 ആയിരുന്നു. പരുക്കുകളില്‍ 498 എണ്ണം ഇ-സ്‌കൂട്ടര്‍ അപകടങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. 

ഇ-സ്‌കൂട്ടറുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ഭൂരിഭാഗവും ഒന്റാരിയോ, ക്യുബെക്ക്, ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇ-സ്‌കൂട്ടറുകളുടെ വര്‍ധിച്ചുവരുന്ന ജനപ്രീതിയും വിലക്കുറവും, അപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവവും പരുക്കുകളുടെ വര്‍ധനയ്ക്ക് കാരണമാകുന്നതായി ടൊറന്റോയിലെ സിക്ക്കിഡ്‌സ് ആശുപത്രിയിലെ എമര്‍ജന്‍സി ഫിസിഷ്യനായ ഡോ. ഡാനിയേല്‍ റോസന്‍ഫീല്‍ഡ് പറയുന്നു. 

തലയ്‌ക്കേല്‍ക്കുന്ന പരുക്കുകള്‍, മുഖം, പല്ല് എന്നിവയ്‌ക്കേല്‍ക്കുന്ന പരുക്കുകള്‍, ഒന്നിലധികം ശസ്ത്രക്രിയകള്‍ ആവശ്യമായ ഒടിവുകള്‍, തീവ്രവരിചരണം ആവശ്യമായ പരുക്കുകള്‍ തുടങ്ങി പരുക്കുകളുടെ വ്യാപ്തി ഗുരുതരമാണെന്ന് എമര്‍ജന്‍സി ഡോക്ടര്‍മാര്‍ പറയുന്നു. നിരത്തിലൂടെ പോകുമ്പോള്‍ കാര്‍ ഇടിച്ചാണ് മിക്ക ഇ-സ്‌കൂട്ടര്‍ അപകടങ്ങളും ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇ-സ്‌കൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആളുകള്‍ക്ക് ശാരീരിക പക്വത ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.