ഇറാഖിലെ മാളിൽ തീപിടിത്തം; സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 61 പേര്‍ കൊല്ലപ്പെട്ടു, അന്വേഷണം ആരംഭിച്ച് ഭരണകൂടം

By: 600007 On: Jul 17, 2025, 4:13 PM

 

 

 

ബാഗ്ദാദ്: ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിലെ കൂത് നഗരത്തില്‍ പുതുതായി തുറന്ന മാളിലാണ് തീപിടിത്തം ഉണ്ടായത്. നിരവധി പേരെ കാണാതായെന്നാണ് വിവരം. വാസിത് ഗവര്‍ണറേറ്റിലെ മാളിലുണ്ടായ അപകടത്തില്‍ 45 പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തിയതായി ഇറാഖ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ച 61 പേരില്‍ ഒരാളുടെ മൃതശരീരം തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അപകട സമയത്ത് നിരവധിപേര്‍ മാളില്‍ ഉണ്ടായിരുന്നു. മിക്കവരും പുക ശ്വസിച്ചാണ് മരിച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഒരാഴ്ച മുമ്പാണ് ഈ മാൾ തുറന്നത്. അഞ്ച് നിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ റെസ്റ്റോറെന്‍റുകളും സൂപ്പര്‍മാര്‍ക്കറ്റും പ്രവര്‍ത്തിച്ചിരിന്നു. അപകടം സംഭവിച്ച പ്രവിശ്യയിലെ ഗവര്‍ണര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചുണ്ട്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്നും കെട്ടിട ഉടമയ്ക്കും മാൾ ഉടമയ്ക്കുമെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.