ആല്‍ബെര്‍ട്ടയില്‍ സമ്മര്‍ സീസണില്‍ അനുഭവിക്കുന്ന കനത്ത ചൂടിന് ഫാള്‍ സീസണ്‍ ആകുമ്പോഴേക്കും മാറ്റം വരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കൊടുംതണുപ്പ് ഉണ്ടാകുമെന്ന സൂചനയും ഫാര്‍മേഴ്‌സ് അല്‍മനാക് നല്‍കുന്നു. 2025 സെപ്റ്റംബര്‍ 22 തിങ്കളാഴ്ചയാണ് ഫാള്‍ സീസണ്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്. സീസണില്‍ ആല്‍ബെര്‍ട്ട, പ്രയറി പ്രവിശ്യകളില്‍ ശരാശരിയേക്കാള്‍ തണുപ്പുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
ഒക്ടോബര്‍ പകുതിയോടെ തണുപ്പ് നേരത്തെ ആരംഭിക്കാനും മഞ്ഞുവീഴ്ച പോലും ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഫാര്‍മേഴ്‌സ് അല്‍മനാക്കിന്റെ പ്രവചനത്തില്‍ പറയുന്നു. രാജ്യത്തുടനീളം മഴയുണ്ടാകാനും സാധ്യതയുണ്ട്. ആല്‍ബെര്‍ട്ടയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒക്ടോബര്‍ ആദ്യം തന്നെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. നവംബറോടെ പ്രവിശ്യയിലും പ്രയറികളിലും കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.
അറ്റ്‌ലാന്റിക് തീരത്തുള്ള രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പ്രത്യേകിച്ച് ന്യൂഫൗണ്ട്‌ലാന്‍ഡില്‍ സെപ്റ്റംബര്‍ പകുതിയോടെ കനത്ത മഴയും ചുഴലിക്കാറ്റ് ഭീഷണിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഒന്റാരിയോയിലും ക്യുബെക്കിലും ഒക്ടോബര്‍ മാസം മുഴുവന്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം, ബ്രിട്ടീഷ് കൊളംബിയയില്‍ പസഫിക് മേഖലയില്‍ നിന്നുള്ള മഴ ഇടയ്ക്കിടെ അനുഭവപ്പെട്ടേക്കാമെന്നും പ്രവചിക്കുന്നു.