അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികളും ആരാധകരും. മത്സരങ്ങള്‍ കാണാനുള്ള സീറ്റ് ബുക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങളും ഫിഫ പുറത്തുവിടുന്നുണ്ട്. കാനഡയില്‍ വാന്‍കുവറിലും ടൊറന്റോയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോസ്പിറ്റാലിറ്റി പാര്‍ട്ണറായ ഓണ്‍ ലൊക്കേഷന്‍, ടൊറന്റോയിലെ മത്സരങ്ങള്‍ കാണാന്‍ ഹൈ-എന്‍ഡ് ടിക്കറ്റ് പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. ഈ പാക്കേജുകളുടെ നിരക്ക് സീറ്റിന് 2,500 കനേഡിയന്‍ ഡോളര്‍ മുതലാണ് ആരംഭിക്കുന്നത്. തെരഞ്ഞെടുക്കുന്ന സര്‍വീസിനെയും സൗകര്യങ്ങളെയും ആശ്രയിച്ച് ചെലവ് വര്‍ധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രുചികരമായ ഭക്ഷണ പാനീയങ്ങള്‍, പ്രീമിയം ലോഞ്ച് ഏരിയകള്‍, വിനോദ പരിപാടികള്‍, മത്സരം നടക്കുന്നിടത്തേക്കുള്ള വേഗത്തിലുള്ള പ്രവേശനം എന്നിവയാണ് ഹോസ്പിറ്റാലിറ്റി പാക്കേജുകളില്‍ ഉള്‍പ്പെടുന്നത്. വിഐപി സ്റ്റൈല്‍ അനുഭവം ആസ്വദിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരെ ലക്ഷ്യം വെച്ചാണ് ഈ ടിക്കറ്റുകള്‍ വില്‍ക്കുന്നത്. വളരെ കുത്തനെയുള്ള നിരക്കാണ് ടിക്കറ്റുകള്‍ക്കെന്നും എന്നാല്‍ അതില്‍ തനിക്ക് നിയന്ത്രണമില്ലെന്നും ടൊറന്റോ മേയര്‍ ഒലിവിയ ചൗ പ്രതികരിച്ചു.