ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണിനെതിരെ വധഭീഷണി മുഴക്കിയ ഇന്ത്യന്‍ വംശജനെ അറസ്റ്റ് ചെയ്തു 

By: 600002 On: Jul 17, 2025, 10:15 AM

 

ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണിനെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പീല്‍ റീജിയണല്‍ പോലീസ് അറിയിച്ചു. ബ്രാംപ്ടണില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ കന്‍വര്‍ജ്യോത് സിംഗ് മനോരിയയെ(29)യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിലെടുക്കുകയും വധഭീഷണി മുഴക്കിയതിന് കുറ്റം ചുമത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

മേയറുടെ ഓഫീസിലേക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. ഇതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം മേയറുടെ വീടിനും കുടുംബത്തിനും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇയാളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 

കുപ്രസിദ്ധ ഗുണ്ടാസംഘമായ ലോറന്‍സ് ബിഷ്‌ണോയി സംഘത്തിനെതിരെയുള്ള പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് ഭീഷണിപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഇയാള്‍ ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്നും മേയര്‍ക്കോ കുടുംബത്തിനോ സമൂഹത്തിനോ ഇനി ഭീഷണിയില്ലെന്നും പോലീസ് വ്യക്തമാക്കി. മനോരിയയെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണ്.