ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരന്‍ ഫൗജ സിംഗിന്റെ മരണത്തില്‍ കാനഡയിലെ എന്‍ആര്‍ഐ അറസ്റ്റില്‍ 

By: 600002 On: Jul 17, 2025, 9:52 AM

 

 

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിംഗ് വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ കാനഡയിലെ എന്‍ആര്‍ഐയെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് അറിയിച്ചു. പഞ്ചാബിലെ ജലന്ധറിന് സമീപം ബിയാസ് പിന്‍ഡ് ഗ്രാമത്തില്‍ വെച്ചാണ് 114 വയസ്സുള്ള ഫൗജ സിംഗ് വാഹനമിടിച്ച് മരിച്ചത്. വാഹനമോടിച്ചിരുന്ന 26 വയസ്സുള്ള അമൃത്പാല്‍ സിംഗ് ധില്ലന്‍ ആണ് അറസ്റ്റിലായത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം കാനഡയില്‍ താമസിക്കുകയാണ് അമൃത്പാല്‍ ധില്ലന്‍. ജൂണ്‍ 23 നാണ് അമൃത്പാല്‍ സിംഗ് ധില്ലന്‍ ഇന്ത്യയിലെത്തിയത്. 

അപകടം നടന്നതിനു ശേഷം ഇടിച്ച വാഹനം പോലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിരുന്നു. കപുര്‍ത്തല സ്വദേശിയായ വരീന്ദര്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ വാഹനം കാനഡയില്‍ നിന്നെത്തിയ അമൃതപാലിന് വിറ്റതായി ഇയാള്‍ പറഞ്ഞു. തുടര്‍ന്നാണ് അമൃത്പാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. 

ടര്‍ബന്‍ഡ് ടൊര്‍ണാഡോ എന്ന് വിളിപ്പേരുള്ള ഫൗജ സിംഗ് 1911 ഏപ്രില്‍ ഒന്നിനാണ് ജനിച്ചത്. അഞ്ച് വയസ് വരെ നടക്കാന്‍ ബുദ്ധിമുട്ടിയിരുന്ന സിംഗ് അത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് ലോകശ്രദ്ധ ആകര്‍ഷിച്ച മാരത്തണ്‍ വിജയങ്ങള്‍ നേടിയത്.