യു എസ് - കാനഡ താരിഫ് പോര് തുടരുകയാണ്. കഴിഞ്ഞ ആഴ്‌ച കാനഡയ്ക്ക് മേലുള്ള തീരുവ വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കത്തിൽ, ഓഗസ്റ്റ് ഒന്ന് മുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് താരിഫ് 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായി ഉയരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. യുഎസിനു മേലുള്ള കാനഡയുടെ എതിർ താരിഫ് ഉയർത്തരുതെന്ന് അദ്ദേഹം പ്രധാനമന്ത്രി മാർക്ക് കാർണിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ട്രംപിൻ്റെ താരിഫുകൾക്ക് മറുപടിയായി, 96 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ തീരുവ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ഓക്സ്ഫോർഡ് ഇക്കണോമിക്സസ് പറയുന്നത്. എന്നാൽ നിരവധി ഉൽപ്പന്നങ്ങളെ കനേഡിയൻ പ്രധാനമന്ത്രി മാർക് കാർണി താരിഫുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. വസന്തകാലത്താണ് കാനഡ നിരവധി ഘട്ടങ്ങളിലായി താരിഫുകൾ പ്രഖ്യാപിച്ചത്. മാർച്ച് നാലിന് 30 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തി. മാർച്ച് 13 ന്, സ്റ്റീൽ, അലുമിനിയം എന്നിവയുൾപ്പെടെ 29.8 ബില്യൺ ഡോളർ വിലവരുന്ന യുഎസ് ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം തീരുവ ചുമത്തി. ഏപ്രിൽ 9 മുതൽ, നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾക്ക് അനുസൃതമല്ലാത്ത 35.6 ബില്യൺ ഡോളർ വിലവരുന്ന കാറുകൾക്കും ഭാഗങ്ങൾക്കും 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. തീരുവ നേരിടുന്ന സാധനങ്ങളുടെ പട്ടിക നിലവിൽ കാനഡ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.