മാരത്തൺ ഓട്ടക്കാരനായ ഫൗജ സിംഗ് കാറിടിച്ച് മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ഗ്രാമത്തിലൂടെ നടക്കുമ്പോഴാണ് വാഹനമിടിച്ചത്. മുതിർന്ന മാരത്തൺ ഓട്ടക്കാരനായ ഫൗജ സിംഗിന് 114 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് 30 വയസ്സുള്ളൊരു പ്രവാസി ഇന്ത്യക്കാരനായ അമൃത്പാൽ സിംഗ് ധില്ലനെ അറസ്റ്റ് ചെയ്തു.
മുതിർന്ന അത്‌ലറ്റിൻ്റെ മരണത്തിനിടയാക്കിയ സംഭവം നടന്ന് 30 മണിക്കൂറിനുള്ളിൽ പൊലീസ് അമൃത്പാൽ സിംഗ് ധില്ലൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ഫോർച്യൂണർ എസ്‌യുവി കണ്ടെത്തുകയും ചെയ്തിരുന്നു. ജലന്ധറിലെ കർതാർപൂരിലെ ദാസുപൂർ ഗ്രാമത്തിൽ താമസിക്കുന്ന ധില്ലനെ ചൊവ്വാഴ്ച രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെത്തുടർന്ന് സംശയാസ്പദമായ വാഹനങ്ങളുടെ പട്ടിക ഉദ്യോഗസ്ഥർ തയ്യാറാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. ഫുൾ മാരത്തൺ പൂർത്തിയാക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഫൗജ സിംഗ്. 2012-ൽ സറേയിൽ എത്തിയ അദ്ദേഹം ആദ്യം അഞ്ച് കിലോമീറ്റർ മാരത്തോണിൽ പങ്കെടുത്തു. അന്ന് അദ്ദേഹത്തിന് 101 വയസ്സ് പ്രായമുണ്ടായിരുന്നു. 89-ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി ഓടി തുടങ്ങിയത്. 100 വയസ്സുള്ളപ്പോൾ ടൊറൻ്റോ വാട്ടർഫ്രണ്ട് മാരത്തണും പൂർത്തിയാക്കിയിരുന്നു.