ഫെഡറൽ മന്ത്രിസഭയിൽ നിയമിതനാകുന്നതിന് രണ്ട് വർഷം മുമ്പ് , പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരിയിൽ നിന്നുണ്ടായൊരു നടപടി വിവാദമാകുന്നു. തീവ്രവാദ സംഘടനയിലെ അംഗമെന്ന് കണ്ടെത്തിയ ഒരാളുടെ കുടിയേറ്റ അപേക്ഷ അംഗീകരിക്കാൻ കനേഡിയൻ ഉദ്യോഗസ്ഥർക്ക് ആനന്ദസംഗരി കത്തുകൾ എഴുതിയെന്ന റിപ്പോർട്ടാണ് പുറത്ത് വന്നത്.
2016, 2023, വർഷങ്ങളിൽ ആനന്ദസംഗരിയുടെ ഹൗസ് ഓഫ് കോമൺസ് ലെറ്റർഹെഡിൽ ആണ് കത്ത് എഴുതിയത്. ശ്രീലങ്കയിലെ എൽടിടിഇ അംഗമാണെന്ന് ആരോപിക്കപ്പെടുന്നയാളെ പിന്തുണച്ചാണ് കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് ആനന്ദസംഗരി കത്ത് നൽകിയത്. എൽടിടിഇ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് സെൻതുരൻ സെൽവകുമാരൻ എന്നയാളുടെ കുടിയേറ്റ അപേക്ഷ കനേഡിയൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ പലതവണ നിരസിച്ചിരുന്നു. ഒപ്പം ആനന്ദസംഗരിയോട് തീരുമാനം മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു എന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
എൽടിടിഇയും ശ്രീലങ്കൻ സർക്കാരുമായുള്ള സംഘർഷം 2009ൽ അവസാനിച്ചെങ്കിലും തമിഴ് പുലികളെ ഭീകര സംഘടനയായാണ് കനേഡിയൻ സർക്കാർ ഇപ്പോഴും കാണുന്നത്. സ്ഥിര താമസത്തിന് അനുമതി നല്കാത്തതിനാൽ സെൽവകുമാരനെ കനേഡിയൻ ഭാര്യയിൽ നിന്നും കുട്ടിയിൽ നിന്നും വേർപെടുത്തിയതായി ആനന്ദസംഗരി കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് അയച്ച കത്തിലുണ്ട്. സിബിഎസ്എയുടെ നിലപാട് ക്രൂരവും മനുഷ്യത്വരഹിതവും എന്നാണ് ആനന്ദസംഗരി വിശേഷിപ്പിച്ചത്. ഗ്ലോബൽ ന്യൂസാണ് വാർത്തകൾ രേഖകൾ സഹിതം പുറത്തുവിട്ടത്.