വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം: കാല്‍ഗറി പോലീസ് ഉദ്യോഗസ്ഥനെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി 

By: 600002 On: Jul 16, 2025, 11:56 AM

 

 


രണ്ട് വര്‍ഷം മുമ്പ് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് കാല്‍ഗറിയിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ രണ്ട് സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റങ്ങള്‍ ചുമത്തി. 2023 മെയ് 29 ന് നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയിലെ മെമ്മോറിയല്‍ ഡ്രൈവില്‍ വാനിലെത്തിയ രണ്ട് പേര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ കോണ്‍സ്റ്റബിള്‍ ക്രെയ്ഗ് സ്‌റ്റോട്ടാര്‍ഡിനെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അമിതവേഗതയിലെത്തിയ നിയമം തെറ്റിച്ച വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടാനുള്ള ശ്രമം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു.

സംഭവത്തില്‍ ആല്‍ബെര്‍ട്ട സീരിയസ് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം(ASIRT) അന്വേഷണം നടത്തി. ക്രെയ്ഗിനെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്താന്‍ സാധിക്കുന്ന തരത്തിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി എഎസ്‌ഐആര്‍ടി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് അപകടകരമായ രീതിയില്‍ വലിയ ക്യൂബ് വാന്‍ റോഡിലൂടെ ഓടിച്ചതിനെ തുടര്‍ന്നാണ് പോലീസ് പിന്തുടരാന്‍ ആരംഭിച്ചത്. അമിതമായ വേഗതയില്‍ പോയ വാനിന് നേരെ ക്രെയ്ഗ് വെടിവെച്ചു. വാനിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരുക്കേറ്റു, പിന്നീട് മരിക്കുകയും ചെയ്തു. വെസ്ലി ഡേവിഡ്‌സണ്‍(46), ബോയ്‌സ് ഫോക്‌സ്(39) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. വാനിലുണ്ടായിരുന്ന മൂന്നാമതൊരാളെ കസ്റ്റഡിയിലെടുത്തു. 

പോലീസില്‍ നിന്നുള്ള ഗുരുതരമായ കുറ്റങ്ങള്‍ പോലീസിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിക്കുമെന്ന് സംഭവം ചൂണ്ടിക്കാണിച്ച് പോലീസ് ചീഫ് കാറ്റി മക്ലെല്ലന്‍ പ്രതികരിച്ചു. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മക്ലെല്ലന്‍ പറഞ്ഞു.