ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആല്‍ബെര്‍ട്ട- ബ്രിട്ടീഷ് കൊളംബിയ സർക്കാരുകൾ

By: 600110 On: Jul 15, 2025, 2:55 PM

 

ഇന്ത്യൻ ബന്ധമുള്ള ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആർബർട്ട - ബ്രിട്ടീഷ് കൊളംബിയ സർക്കാരുകൾ. കനേഡിയൻ പൌരന്മാരുടെ സുരക്ഷയ്ക്ക് ലോറൻസ് ബിഷ്‌ണോയി സംഘത്തെ ഇല്ലായ്മ ചെയ്യണമെന്ന് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു.  ഭീകര സംഘനകളുടെ പ്രവർത്തനങ്ങൾക്ക് അതിരുകളില്ലെന്നും, അവർ അതിർത്തികളെ ബഹുമാനിക്കുന്നില്ലെന്നും ഞങ്ങൾക്കറിയാം. എന്നാൽ ആൽബെർട്ട അവർക്ക് വ്യക്തമായൊരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നു: നിങ്ങളെ ഇവിടെ സ്വാഗതം ചെയ്യുന്നില്ല, ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു.

ലോറൻസ് ബിഷ്ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മാർക് കാർണിക്ക് കത്തെഴുതുമെന്ന് ബ്രിട്ടീഷ് കൊളംബിയയിലെ പ്രീമിയർ ഡേവിഡ് എബിയും സറേ മേയർ ബ്രെൻഡയും  ഒരു മാസം മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ ഇതേ ആവശ്യം ഉന്നയിച്ചാണ് ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും പൊതുസുരക്ഷാ മന്ത്രി മൈക് എല്ലിസും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. ആൽബെർട്ട, ഒൻ്റാരിയോ, സറേ എന്നിവിടങ്ങളിലെ ദക്ഷിണേഷ്യൻ സമൂഹത്തിലെ അംഗങ്ങളെ കൊള്ളയടിക്കുകയും മറ്റ് ചെയ്ത സംഭവങ്ങളുമായി ലോറൻസ് ബിഷ്‌ണോയി സംഘത്തിന് ബന്ധമുണ്ടെന്ന് RCMP കണ്ടെത്തിയിട്ടുണ്ട്. ലോറൻസ് ബിഷ്ണോയ് സംഘത്തെ ഭീകരവാദ സംഘടനയെന്ന് പ്രഖ്യാപിച്ചാൽ ഇവർക്കെതിരെ എളുപ്പം നടപടികൾ സ്വീകരിക്കാൻ പോലീസിന് സാധിക്കും.  കാനഡയിൽ ഒരു ഗ്രൂപ്പിനെ തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തിക്കഴിഞ്ഞാൽ, ഇവരുടെ ഉടമസ്ഥതയിലുള്ള ഏതൊരു സ്വത്തും സർക്കാരിന് മരവിപ്പിക്കാൻ കഴിയും, കൂടാതെ ഇവരുമായി ബന്ധപ്പെട്ട ധനസഹായം, യാത്ര, റിക്രൂട്ട്‌മെൻ്റ് എന്നീ കുറ്റകൃത്യങ്ങൾ അന്വേഷിച്ച് നടപടിയെടുക്കാനും നിയമപാലകർക്ക് കഴിയും.