ബ്രാംപ്ടണില്‍ മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഗ്യാസോലിന്‍ വാങ്ങി; രണ്ട് ദക്ഷിണേഷ്യന്‍ വംശജരെ പോലീസ് തിരയുന്നു  

By: 600002 On: Jul 15, 2025, 12:08 PM

 

ബ്രാംപ്ടണില്‍ സ്പ്രിംഗ് സീസണില്‍ ഗ്യാസ് പര്‍ച്ചേസുമായി ബന്ധപ്പെട്ട് നടന്ന ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകളില്‍ പ്രതികളായ രണ്ട് ദക്ഷിണേഷ്യന്‍ വംശജര്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായവും പോലീസ് തേടുന്നു. മെയ് 13 നും ജൂണ്‍ 5 നും ഇടയില്‍ ക്വീന്‍ സെന്റ്, ഡെല്‍റ്റ പാര്‍ക്ക് ബൊളിവാര്‍ഡ് ഏരിയകളില്‍ മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച രണ്ട് പുരുഷന്മാരെക്കുറിച്ച് പരാതികള്‍ ലഭിച്ചതായി പീല്‍ റീജിയണല്‍ പോലീസ് പറഞ്ഞു. 

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് വലിയ വാണിജ്യ ട്രക്കിംഗ് വാഹനങ്ങള്‍ക്കായി പ്രതികള്‍ ഗ്യാസോലിന്‍ വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. 19 തവണകളോളം തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്നും ഇരയ്ക്ക് 12,000 ഡോളറിലധികം നഷ്ടപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 35 നും 40നും ഇടയില്‍ പ്രായവും 25 നും 30 നും ഇടയില്‍ പ്രായവുമാണ് പ്രതികള്‍ക്ക്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 905-453-2121 ext. 2133  എന്ന നമ്പറില്‍ വിളിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.