ഈ വര്‍ഷം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കൂടുതല്‍ അഞ്ചാംപനി കേസുകള്‍ ആല്‍ബെര്‍ട്ടയില്‍ സ്ഥിരീകരിച്ചതായി കണക്കുകള്‍. മാര്‍ച്ച് മാസം മുതല്‍ പ്രവിശ്യയില്‍ അഞ്ചാംപനി കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയുള്ള കണക്കുകള്‍ പ്രകാരം ആല്‍ബെര്‍ട്ടയിലെ ആകെ കേസുകളുടെ എണ്ണം 1314 ആയി ഉയര്‍ന്നു. യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഈ വര്‍ഷം അമേരിക്കയില്‍ 1288 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്ഥിരീകരിച്ച സംഖ്യകളേക്കാള്‍ കൂടുതലാണ് ആല്‍ബെര്‍ട്ടയിലെ കേസുകളുടെ എണ്ണമെന്ന് ആരോഗ്യ വിദഗ്ധരും ഉദ്യോഗസ്ഥരും പറയുന്നു. അതിതീവ്രമായ വ്യാപനം മൂലം തെക്കന്‍ മേഖലയിലും വടക്കന്‍ ഭാഗങ്ങളിലും സ്റ്റാന്‍ഡിംഗ് എക്‌സ്‌പോഷര്‍ അഡൈ്വസറി പ്രാബല്യത്തില്‍ തുടരുകയാണ്. ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ മീസില്‍സ് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പടാതെയും കണ്ടെത്തപ്പെടാതെയും പോകുന്നുണ്ട്.
ഞായറാഴ്ച അവസാനിച്ച കാല്‍ഗറി സ്റ്റാംപീഡ് പോലുള്ള വേനല്‍ക്കാല ഒത്തുചേരലുകള്‍ ആഘാതം സൃഷ്ടിച്ചേക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നു. സൗത്ത്, നോര്‍ത്ത്, സെന്‍ട്രല്‍ ഹെല്‍ത്ത് സോണുകളെയാണ് പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്.