വിസ അനുവദിച്ചതിനു ശേഷവും സ്ക്രീനിംഗ് തുടരുമെന്ന് ഇന്ത്യയിലെ യു.എസ് എംബസി. യു.എസ് നിയമങ്ങളും ഇമിഗ്രേഷൻ ചട്ടങ്ങളും പാലിക്കാത്തവരുടെ വിസ റദ്ദാക്കുമെന്നും നാടുകടത്തുമെന്നും എംബസി വ്യക്തമാക്കി. ദേശീയ സുരക്ഷയാണ് യു.എസിന് പ്രധാനമെന്നും എംബസി വ്യക്തമാക്കി.
യു.എസിൻ്റെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ അപേക്ഷകരെയും നിരന്തരം നിരീക്ഷിക്കുന്നത് തുടരും. തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ വിസ റദ്ദാക്കും. അതിനു പുറമെ നാടുകടത്തൽ നടപടിക്കും വിധേയരാക്കും. നിയമവിരുദ്ധമായി യു.എസിലേക്ക് എത്തുന്നത് തടയാനാണ് ട്രംപ് ഭരണകൂടത്തിൻ്റെ നീക്കം. അതിനാൽ വ്യാജ വിവരങ്ങള്‍ നല്‍കി രാജ്യത്തെത്തിയാല്‍ ഭാവിയില്‍ വിസ റദ്ദാക്കാനാണ് സാധ്യത. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ലക്ഷ്യമിട്ട് അടുത്തിടെ ട്രംപ് ഭരണകൂടം നടപടികൾ കടുപ്പിച്ചിരുന്നു.
ഇതിൻ്റെ ഭാഗമായി വിസയ്ക്ക് അപേക്ഷിക്കുന്നവരോട് തങ്ങളുടെ സോഷ്യൽ മീഡിയ വിവരങ്ങൾ വെളിപ്പെടുത്താനും യുഎസ് എംബസി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഉപയോഗിച്ച എല്ലാ സോഷ്യൽ മീഡിയ യൂസർ നെയിമുകളും, എല്ലാ പ്ലാറ്റ്‌ഫോമുകളുടെയും ഹാൻഡിലുകളും DS-160 വിസ അപേക്ഷാ ഫോമിൽ രേഖപ്പെടുത്തണമെന്നായിരുന്നു നിർദ്ദേശം. സോഷ്യൽ മീഡിയ വിവരങ്ങൾ ഒഴിവാക്കുന്നത് വിസ നിഷേധിക്കുന്നത് ഇടയാക്കുമെന്നും എംബസി അറിയിച്ചിരുന്നു.