മാനിറ്റോബയില്‍ ലൈം രോഗം വര്‍ധിക്കുന്നു 

By: 600002 On: Jul 14, 2025, 11:53 AM

 


സമീപ വര്‍ഷങ്ങളില്‍ മാനിറ്റോബയില്‍ ലൈം രോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2024 ല്‍ മാനിറ്റോബയില്‍ 77 ലൈം രോഗ ബാധയാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലായിരുന്നു കേസുകള്‍. രോഗത്തെയും അപകടസാധ്യതകളെയും കുറിച്ചുള്ള അവബോധം വര്‍ധിക്കുന്നുണ്ടെങ്കിലും കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുവെന്ന് വിന്നിപെഗിലെ നേച്ചര്‍ ഡോക്ടേഴ്‌സിലെ നാച്ചുറോപതി ഡോക്ടര്‍ ഡോ. ജേസണ്‍ ബാച്ചെവിച്ച് പറയുന്നു. ലൈം രോഗത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ധാരാളം മിഥ്യാധാരണകളും തെറ്റായ വിവരങ്ങളും ആളുകള്‍ക്കിടയില്‍ പരക്കുന്നുണ്ടെന്ന് ബാച്ചെവിച്ച് അഭിപ്രായപ്പെട്ടു. 

രോഗികള്‍ക്കിടയില്‍ ലക്ഷണങ്ങള്‍ വ്യത്യാസപ്പെടാമെങ്കിലും ലൈം രോഗത്തിന്റെ പൊതുവായ ലക്ഷണങ്ങളില്‍ ബുള്‍സ്-ഐ റാഷ്, പനി, വിറയല്‍, ക്ഷീണം, പേശികളിലും സന്ധികളിലും വേദന എന്നിവ ഉള്‍പ്പെടുന്നു. ചെള്ള് കടിക്കുന്നത് വഴി ശരീരത്തിലേക്ക് ബാക്ടീരിയ പ്രവേശിക്കുന്നതോടെയാണ് രോഗം ബാധിക്കുന്നത്. പരമാവധി ചെള്ള്കടിയില്‍ നിന്നും സുരക്ഷിതരാവുക എന്നതാണ് പ്രതിരോധ മാര്‍ഗം. 

കൂടാതെ ചെള്ളിനെ കണ്ടെത്തുന്നവര്‍ മാനിറ്റോബ സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്ന eTick  എന്ന വെബ്‌സൈറ്റിലേക്ക് ഇതിന്റെ ചിത്രങ്ങളടക്കം അപ്ലോഡ് ചെയ്യാന്‍ അധികൃതര്‍ പ്രോത്സാഹിപ്പിക്കുന്നു. ഇത് വഴി ചെള്ളിന്റെ ഇനം തിരിച്ചറിയാനും അപകടസാധ്യതകളെക്കുറിച്ച് അറിയാനും സാധിക്കും. കൂടാതെ പൊതുജനാരോഗ്യ നിരീക്ഷണത്തിനും വെബ്‌സൈറ്റും ആപ്പും സഹായിക്കും.