അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നും വാന്‍കുവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വെസ്റ്റ്‌ജെറ്റ് വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് വിമാനം ഗേറ്റിലെത്തിയപ്പോഴാണ് തീപിടുത്തമുണ്ടായതെന്നും അന്വേഷണം ആരംഭിച്ചതായും കാനഡ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അറിയിച്ചു. ഫ്‌ളോറിഡയിലെ ടാമ്പയില്‍ നിന്നും എത്തിയ വിമാനം ഷട്ട്ഡൗണ്‍ ചെയ്തതിന് ശേഷം ഒരു എഞ്ചിനിലെ ടെയില്‍പൈപ്പില്‍ തീപിടുക്കുകയായിരുന്നുവെന്ന് വെസ്റ്റ്‌ജെറ്റ് വക്താവ് ജൂലിയ കൈസര്‍ പറഞ്ഞു.
സംഭവസമയത്ത് ഏകദേശം 50 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നും അവരെ വായു നിറച്ച ഇവാക്വേഷന്‍ സ്ലൈഡുകള്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ സാധിച്ചെന്നും ആര്‍ക്കും പരുക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഫസ്റ്റ് റെസ്‌പോണ്ടേഴ്‌സ് ഉടനെത്തി തീയണച്ചെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പറഞ്ഞു. വിമാനം അറ്റകുറ്റപ്പണികള്‍ക്കായി നീക്കിയതായി കൈസര്‍ അറിയിച്ചു. സംഭവം മറ്റ് വിമാനങ്ങളുടെ സര്‍വീസിനെയോ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെയോ ബാധിച്ചില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വക്താവ് പറഞ്ഞു.