ഇനി വെറും 3 ദിവസം, റിലീസ് നാല് ഭാഷകളിൽ; ജെഎസ്കെയിൽ സുരേഷ് ഗോപിയുടെ അതിശക്തമായ പ്രകടനം

By: 600007 On: Jul 13, 2025, 5:45 PM

 

 

വിവാദങ്ങൾക്കും റീ എഡിറ്റിങ്ങിനും പിന്നാലെ സുരേഷ് ​ഗോപി നായകനായി എത്തുന്ന "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള" തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇനി മൂന്ന് ദിവസം മാത്രമാണ് സിനിമയുടെ റിലീസിന് ബാക്കിയുള്ളത്. ജൂലൈ17 വ്യാഴാഴ്ച സിനിമ ആ​ഗോള വ്യാപകമായി റിലീസ് ചെയ്യും. ഒരു വലിയ ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണിത്.

കോർട്ട് റൂം ഡ്രാമ ആയി ഒരുക്കിയ ചിത്രത്തിൻ്റെ പ്രധാന ആകർഷണം സുരേഷ് ഗോപിയുടെ അതിശക്തമായ പ്രകടനം ആണെന്നാണ് റിപ്പോർട്ട്. സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായാണ് ജെഎസ്കെ എത്തുന്നത്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളായി എത്തുന്നത്. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമ്മിക്കുന്നത്. ജെ. ഫണീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്.

ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായിരുന്നു ടീസറിന്റെ ഹൈലൈറ്റ്. ശക്തവും പ്രസക്തവുമായ ഒരു പ്രമേയത്തിൻ്റെ പശ്ചാത്തലത്തിൽ കോടതിയിൽ അരങ്ങേറുന്ന നിയമയുദ്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ടീസർ നൽകിയത്. ആക്ഷൻ, ഡ്രാമ, ത്രിൽ എന്നിവക്കൊപ്പം വൈകാരിക നിമിഷങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യമുണ്ടെന്ന് ടീസർ കാണിച്ചു തരുന്നു. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.