70 -കാരിയായ അമ്മയെ ജീവനോടെ ശവപ്പെട്ടിയിലിരുത്തി, ചുമക്കാൻ 16 പേർ, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വീട്ടിലേക്ക്

By: 600007 On: Jul 13, 2025, 5:20 PM

 

 

 

 

 

ജീവിച്ചിരിക്കുന്ന അമ്മയ്‍ക്ക് വേണ്ടി ശവപ്പെട്ടി വാങ്ങി, അവരെ അതിലിരുത്തി വീട്ടിലേക്ക് ഘോഷയാത്ര നടത്തി യുവാവ്. മാത്രമല്ല, 70 -കാരിയായ അമ്മയ്ക്ക് വേണ്ടി വാങ്ങിയ ശവപ്പെട്ടിയിൽ അമ്മയെ കടയിൽ‌ നിന്നും വീട്ടിലേക്ക് ചുമക്കാൻ 16 പേരെ നിയമിക്കുകയും ചെയ്തു. ചൈനയിലെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണത്രെ സംഭവം.

തെക്കൻ ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്‌ഡെയിലെ തായോയുവാൻ കൗണ്ടിയിലെ ഷുവാങ്‌സിക്കോ ടൗണിൽ താമസിക്കുന്ന യുവാവാണ് അമ്മയ്ക്ക് വേണ്ടി ശവപ്പെട്ടി വാങ്ങി നൽകിയത്. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അങ്ങനെ ചെയ്യുന്നത് തന്റെ അമ്മയുടെ ഭാഗ്യവും ദീർഘായുസ്സും വർധിപ്പിക്കും എന്ന് വിശ്വസിച്ചാണത്രെ മകൻ ഇക്കാര്യം ചെയ്തത്.

ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡൗയിനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന സംഭവത്തിന്റെ വീഡിയോയിൽ ശവപ്പെട്ടിക്കുള്ളിൽ വൃദ്ധയായ ഒരു സ്ത്രീ ഒരു ഫാനും പിടിച്ചിരിക്കുന്നതും ആളുകൾ ആ ശവപ്പെട്ടിയും ചുമന്നുകൊണ്ട് ഒരു ഘോഷയാത്ര പോലെ പോകുന്നതും കാണാമായിരുന്നു എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ശവപ്പെട്ടിയിലിരിക്കുന്ന സ്ത്രീ വളരെ സന്തോഷവതിയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ത്രീയെ ശവപ്പെട്ടിയിൽ കൊണ്ടുപോകുന്നത്. വീട്ടിലെത്തി ശവപ്പെട്ടി ഇറക്കിയ ശേഷം പഴങ്ങളും ധൂപങ്ങളും ഒക്കെ ഒരുക്കി വേറെയും ചടങ്ങുകൾ നടന്നു എന്നും പറയുന്നു. ഒരു പ്രദേശവാസി പറയുന്നത്, നേരത്തെ രണ്ടോ മൂന്നോ തവണയാണ് താൻ ഇത്തരം സംഭവം കണ്ടിട്ടുള്ളത് എന്നാണ്.

ഇത് പരമ്പരാ​ഗതമായ ഒരു രീതിയാണ്. ഇങ്ങനെ നടത്തിയാൽ ആയുസ് കൂടും എന്നാണ് കരുതപ്പെടുന്നത്. ഈ ചടങ്ങ് നടത്തുന്നതിൽ പ്രായമായവർ വളരെ സന്തോഷത്തിലും ആയിരിക്കും. എന്നാൽ, ഇപ്പോൾ ഈ ചടങ്ങ് അങ്ങനെ നടക്കാറില്ല എന്നും പ്രദേശവാസികൾ പറഞ്ഞു.