ആ യാത്ര നടന്നിരുന്നുവെങ്കിൽ ദുരന്തം ഒഴിവായേനെ, അമ്മയെ കാണാൻ പോകാനാകാതെ വിപഞ്ചികയുടെ മരണം

By: 600007 On: Jul 13, 2025, 5:05 AM

 

 

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലം കേരളപുരം സ്വദേശിവിപഞ്ചികയും ഒന്നരവയസുള്ള മകളും മരിച്ചസംഭവത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. അമ്മയെ കാണാൻ നാട്ടിൽ പോകാനുള്ള ശ്രമത്തിലായിരുന്നു വിപഞ്ചികയെന്ന് ബന്ധുക്കളായ ശ്രീജിത്തും സൗമ്യയും പറയുന്നു. കുഞ്ഞിന്റെ യാത്രാരേഖകളില്ലാത്തതിനാൽ യാത്ര മുടങ്ങിയാതാകാമെന്നാണ് കരുതുന്നത്. ഒരുപക്ഷെ ആ യാത്ര നടന്നിരുന്നുവെങ്കിൽ ഈ ദുരന്തം ഒഴിവായേനെ എന്നാണ് ഇവർ വിശ്വസിക്കുന്നത്

വിപഞ്ചിക നേരത്തെ ബന്ധുക്കൾക്ക് കൈമാറിയ പായ്ക്കറ്റിൽ സ്വർണ്ണവും താക്കോലും വിപഞ്ചികയുടെ രേഖകളുമുണ്ട്. പക്ഷെ കുഞ്ഞിന്റെ രേഖകളിതിൽ കാണുന്നില്ല. വിപഞ്ചിക അമ്മയെ കാണാൻ പോകാൻ ഒരുക്കത്തിലായിരുന്നുവെന്ന് സൗമ്യ പറയുന്നു. എന്നാൽ കുഞ്ഞിന്റെ രേഖകളില്ലാത്തതിനാലാകാം പോകാനാകാതെ പോയതെന്നാണ് വിവരം.

വിപഞ്ചികയെ വളർത്തിയതിൽ അമ്മയുടെ പങ്ക് വലുതായിരുന്നു. ജോലി കിട്ടിയ ശേഷം അമ്മയുടെ വലിയ പിന്തുണയും വിപഞ്ചികയ്ക്കായിരുന്നു. കുടുംബ പ്രശ്നങ്ങളിൽ മറ്റാരുടെയും ഇടപെടൽ വിപഞ്ചിക പ്രോത്സാഹിപ്പിച്ചിരുന്നില്ല. സ്വന്തമായി പരിഹാരം കാണാനാവുമെന്ന പ്രതീക്ഷയിലായിരുന്നു. ഒരുപക്ഷേ അമ്മയെ കാണാനുള്ള ആ യാത്ര നടന്നിരുന്നുവെങ്കിൽ സ്ഥിതി മറ്റൊന്നായേനെയെന്ന് ഇവരിപ്പോഴും പ്രതീക്ഷിക്കുന്നു. വിപഞ്ചികയുടെ സഹോദരൻ വരും ദിവസങ്ങളിൽ ഷാർജയിൽ എത്തിയേക്കും. അതിന് ശേഷമാകും ഇരുവരുടെയും മൃതദഹത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.