കാട്ടുതീ അനിയന്ത്രിതമായി പടരുന്ന മാനിറ്റോബയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ വര്‍ഷം കാട്ടുതീ സീസണ്‍ ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പ്രവിശ്യയില്‍ ഒരു മില്യണിലധികം ഹെക്ടര്‍ ഭൂമി കാട്ടുതീയില്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.
കാട്ടുതീ കാരണം വീടുകള്‍ വിട്ടുപോകാന്‍ നിര്‍ബന്ധിതരായ നിവാസികളെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായി വരുന്നതിനാലാണ് ഇപ്പോള്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പ്രീമിയര്‍ വാബ് കിന്യൂ അറിയിച്ചു. മാനിറ്റോബയില്‍ ആകെ 12,600 പേരാണ് വീടുകളില്‍ നിന്നും പലായാനം ചെയ്തത്. വിന്നിപെഗിലെ പ്രധാന കണ്‍വെന്‍ഷന്‍ സെന്ററായ ആര്‍ബിസി കണ്‍വെന്‍ഷന്‍ സെന്ററിലും ആളുകള്‍ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വിന്നിപെഗില്‍ നിന്ന് 600 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന സ്‌നോ ലേക്ക് എന്ന ടൗണില്‍ നിന്നും ആയിരത്തോളം നിവാസികള്‍ക്ക് നിര്‍ബന്ധിത ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ സസ്‌ക്കാച്ചെവനില്‍ 56 തീപിടുത്തങ്ങള്‍ ഉണ്ടായാതായി ഉദ്യോഗസ്ഥര്‍ പറയുന്നു.