വിമാനത്തിനുള്ളില്‍ പുകവലിച്ച് ദമ്പതികള്‍; മെക്‌സിക്കോയില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു, യാത്രക്കാര്‍ 17 മണിക്കൂര്‍ കുടുങ്ങി

By: 600002 On: Jul 12, 2025, 11:18 AM


 

 

വിമാനത്തിലെ വാഷ്‌റൂമില്‍ വെച്ച് ദമ്പതികള്‍ പുകവലിച്ചതിനെ തുടര്‍ന്ന് മെക്‌സിക്കോയിലെ കാന്‍കുനില്‍ നിന്നും ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു. മെയ്ന്‍ വിമാനത്താവളത്തിലിറങ്ങിയ വിമാനത്തിലെ യാത്രക്കാര്‍ 17 മണിക്കൂറോളം കുടുങ്ങിക്കിടന്നു. ജൂലൈ 8 ന് TUI വിമാനത്തിലാണ് സംഭവം. വാഷ്‌റൂമില്‍ വെച്ച് ദമ്പതികള്‍ പുകവലിച്ചതായി കണ്ടെത്തിയതോടെ യാത്രക്കാര്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്നും സുരക്ഷ മുന്‍നിര്‍ത്തി മെയ്‌നിലെ ബാങ്കോര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം ലാന്‍ഡ് ചെയ്യുകയുമാണെന്ന് ക്യാപ്റ്റന്‍ അറിയിച്ചു. പ്രാദേശിക സമയം രാത്രി 9.30 നാണ് വിമാനം വിമാനത്താവളത്തില്‍ ഇറക്കിയത്. പുകവലിച്ച രണ്ട് പേര്‍ക്കെതിരെ നടപടിയെടുക്കുകയും വിമാനത്തില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. 

ദമ്പതികള്‍ അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു. വിമാനത്താവളത്തില്‍ 17 മണിക്കൂറോളം കഴിയേണ്ടി വന്ന യാത്രക്കാര്‍ ജൂലൈ 9ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് വിമാനത്തില്‍ മെയ്‌നില്‍ നിന്നും തിരിക്കുകയായിരുന്നു.