വിവാദ പരാമർശങ്ങളുള്ള എഐ വീഡിയോ നീക്കം ചെയ്ത് ടിക് ടോക്

By: 600110 On: Jul 11, 2025, 3:27 PM

 

കാനഡയിൽ ജോലി ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് യുവാവ് പരാതിപ്പെടുന്നൊരു വീഡിയോ ടിക് ടോക് നീക്കം ചെയ്തു. വീഡിയോ AI നിർമ്മിതമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇത്തരം വീഡിയോകളുടെ ഒരു പരമ്പര തന്നെ TikTok നീക്കം ചെയ്തത്.

AI ഉപയോഗിച്ചാണ് വീഡിയോകൾ നിർമ്മിച്ചതെന്ന് വ്യക്തമാക്കാത്തതിനാൽ, കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവയാണ് ഈ വിഡിയോകളെന്ന് ടിക് ടോക് വ്യക്തമാക്കി. "ജോഷ്" എന്ന് പേരുള്ള 20 വയസ്സുള്ളൊരു വെള്ളക്കാരൻ്റെ രൂപഭാവമുള്ളയാളാണ് നീക്കം ചെയ്ത മിക്ക വീഡിയോകളിലും ഉള്ളത്. അയാൾ  കുടിയേറ്റക്കാരെയും തൊഴിൽ വിപണിയിലെ അവരുടെ പങ്കിനെ കുറിച്ചും വംശീയമായി അധിക്ഷേപിക്കുന്ന പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നുണ്ട്.  ഇന്ത്യയിൽ നിന്നുള്ള ആളുകൾ എല്ലാ ജോലികളും തട്ടിയെടുക്കുന്നതിനാൽ തനിക്ക് ജോലി ലഭിക്കുന്നില്ലെന്ന് ഒരു വീഡിയോയിൽ അയാൾ പരാതിപ്പെടുന്നുണ്ട്. ഡോനട്ട് ഷോപ്പിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ പഞ്ചാബി സംസാരിക്കുമോ എന്ന് ചോദിച്ചതായി വീഡിയോയിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇതുപോലുള്ള വീഡിയോകൾ കമ്പനിയെ വളരെയധികം  ആശങ്കയിലാക്കുന്നു എന്ന്  ടിം ഹോർട്ടൺസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. മറ്റൊരു വീഡിയോയിൽ, "ജോഷ്" കാനഡയുടെ കുടിയേറ്റ നയത്തെ വിമർശിക്കുന്നുണ്ട്. മതിയായ ജോലികൾ ഇല്ലാത്തപ്പോഴഉം എന്തു കൊണ്ടാണ് ഇത്രയധികം ആളുകളെ കാനഡയിൽ പ്രവേശിപ്പിക്കുന്നത് എന്നാണ് വീഡിയോയിൽ ചോദിക്കുന്നത്.