ബിസി ഫെറീസിന് അനുവദിച്ച ഒരു ബില്യൺ ഡോളർ വായ്പ റദ്ദാക്കാൻ ലിബറൽ സർക്കാരിനോട് ആവശ്യപ്പെട്ട് കൺസർവേറ്റീവ് പാർട്ടി. നാല് പുതിയ കപ്പലുകൾ നിർമ്മിക്കാൻ ബിസി ഫെറീസ് ചൈനീസ് കപ്പൽശാലയ്ക്ക് കരാർ നല്കിയത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്നാണ് വായ്പ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൺസർവേറ്റീവ് പാർട്ടിയും രംഗത്തെത്തിയത്.
650 മില്യൺ ഡോളർ സബ്സിഡി നല്കുന്നതിന് തുല്യമാണ് പുതിയ വായ്പയെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ പറഞ്ഞു. കൂടാതെ കനേഡിയൻ നികുതിദായകരുടെ പണം ചൈനീസ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഒരു കപ്പൽശാലയ്ക്ക് നല്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈന കാനഡയ്ക്ക് വലിയ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ടെന്ന പ്രധാനമന്ത്രി മാർക്ക് കാർണിയുടെ വാക്കുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പൊയ്‌ലിവ്രെയുടെ വിമർശനം.“നമുക്ക് ആവശ്യമായ കപ്പലുകൾ നിർമ്മിക്കാൻ കനേഡിയൻ തൊഴിലാളികൾ തയ്യാറാണ്. എന്നാൽ പരിസ്ഥിതി മാനദണ്ഡങ്ങളും തൊഴിലാളി സുരക്ഷയും ശമ്പളവും അവഗണിച്ച് പ്രവർത്തിക്കുന്ന വിദേശ കപ്പൽ നിർമ്മാതാക്കളുമായി മത്സരിക്കാൻ നമുക്ക് കഴിയില്ല. നമ്മുടെ തൊഴിലാളികളെ ബാധിക്കും വിധം കനേഡിയൻ ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനെ കനേഡിയൻ സർക്കാർ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നും പൊയ്‌ലിവ്രെ പറഞ്ഞു. പദ്ധതിക്കായുള്ള ലേലത്തിൽ ഒരു കനേഡിയൻ കമ്പനിയും പങ്കെടുത്തിരുന്നില്ല. ചൈനീസ് കമ്പനിക്ക് കരാർ നല്കിയതിനെ ലിബറലുകളും കൺസർവേറ്റീവുകളും ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും വിമർശിച്ചിരുന്നു. തീരുമാനം നിരാശാജനകമെന്നായിരുന്നു ഗതാഗത മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിൻ്റെ പ്രതികരണം.